17, August, 2026
Updated on 17, August, 2026 8
ഇന്ത്യാനാപോളിസ്: യു.എസിലെ ഇന്ത്യാന സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും അതിശക്തമായ കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടം. പ്രകൃതിദുരന്തത്തിൽ നാലുവയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഹാമിൽട്ടൺ കൗണ്ടിയിലാണ് ഏറ്റവും വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് പ്രാദേശിക അധികൃതർ വിശേഷിപ്പിച്ചത്.ഹാമിൽട്ടൺ കൗണ്ടിയിലൂടെ ഒഴുകുന്ന വൈറ്റ് റിവറിലെ ജലനിരപ്പ് ഉയർന്നതാണ് പ്രളയസ്ഥിതി രൂക്ഷമാക്കിയത്. ശനിയാഴ്ച നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തി. 1913-ൽ രേഖപ്പെടുത്തിയ 23.8 അടി എന്ന റെക്കോഡ് ഭേദിച്ച് ജലനിരപ്പ് 24.6 അടിയായി ഉയർന്നു. ഞായറാഴ്ച രാവിലെയോടെ ഇത് 21 അടിയായി കുറഞ്ഞത് താത്കാലിക ആശ്വാസമായെങ്കിലും അപകടസാധ്യത ഒഴിഞ്ഞിട്ടില്ല. നദിക്ക് കുറുകെയുള്ള ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഹാമിൽട്ടൺ കൗണ്ടിയിലെ കാർമൽ നഗരത്തിൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ 215 കെട്ടിടങ്ങളിൽ വെള്ളം കയറി. ഇവിടെനിന്ന് 40 പേരെ ഒഴിപ്പിച്ചു. സമീപ നഗരമായ നോബിൾസ്വില്ലിൽനിന്ന് 72 മണിക്കൂറിനിടെ 170 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഓഗസ്റ്റ് 11 മുതൽ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്ന് പലയിടങ്ങളിലും മരം വീണും വെള്ളക്കെട്ടിൽപ്പെട്ടുമാണ് ഏഴുപേർ മരിച്ചത്.കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കുടുംബങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വ്യാഴാഴ്ച സംസ്ഥാനത്ത് ഗവർണർ മൈക്ക് ബ്രൗൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദുരന്തസാഹചര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതായും ഫെഡറൽ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചതായും ഗവർണർ അറിയിച്ചു.ഇന്ത്യാനാപോളിസ് ഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ രക്ഷാപ്രവർത്തനങ്ങളിലൂടെ 91 പേരെയും 45 വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇനിയും പ്രളയസാഹചര്യം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.