16, August, 2026
Updated on 16, August, 2026 56
സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി.സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞാണ് ഈ ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്നതും ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയതുമായ ഫെറിയാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്മേൽ മറിഞ്ഞത്. ഗ്രാമീണരും മത്സ്യവ്യാപാരികളുമാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും.
90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അഞ്ച് ജീവനക്കാരും 114 മുതിർന്നവരും കണക്കിൽപ്പെടാത്ത അത്രയും കുട്ടികളുമാണ് ഉണ്ടായിരുന്നത്. സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 77 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കടുത്ത ശൈത്യം കാരണം തടാകത്തിലെ വെള്ളത്തിന് അതിശൈത്യമായതിനാൽ മൃതദേഹങ്ങൾ മുകളിലേക്ക് പൊന്തിവരാൻ സമയമെടുക്കുന്നുണ്ടെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന ബോട്ട് റെജിമെന്റ് കമാൻഡർ ലഫ്റ്റനന്റ് കേണൽ ജോസഫ് മുച്ചെച്ചെസി വ്യക്തമാക്കി. എങ്കിലും തടാകത്തിലുള്ള മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ. നിലവിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ബോട്ട് പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ തന്നെ ഉള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയിരുന്നതായും യാത്ര അവസാനിപ്പിച്ച് തിരികെ പോകാൻ ഡ്രൈവറോട് അപേക്ഷിച്ചിരുന്നതായും രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ ആളുകൾ ജീവൻരക്ഷാ ജാക്കറ്റുകൾക്കായി പരക്കം പാഞ്ഞെങ്കിലും, അവ എങ്ങനെയാണ് ധരിക്കേണ്ടതെന്ന് പോലും ഭൂരിഭാഗം പേർക്കും അറിയുമായിരുന്നില്ല. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ബോട്ട് മുങ്ങിയതെന്ന് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ചാൻസ് സിയാമാവു ഓർമിക്കുന്നു. തന്റെ ഉറ്റ സുഹൃത്തും ഏഴ് ബന്ധുക്കളുമാണ് അദ്ദേഹത്തിന് ഈ ദുരന്തത്തിൽ നഷ്ടമായത്.