17, August, 2026
Updated on 17, August, 2026 1
യുദ്ധമുഖങ്ങളിൽ ആയുധങ്ങളേക്കാൾ പ്രഹരശേഷിയോടെ വ്യാജവാർത്തകളും പ്രചാരണങ്ങളും വിതയ്ക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽനിന്ന് ഉത്ഭവിച്ച വ്യാജവാർത്ത ഇസ്രയേൽ-ഇറാൻ, യുഎസ് നയതന്ത്ര ചർച്ചകളെപ്പോലും തലകീഴായി സ്വാധീനിക്കുകയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധികളും വരെ ഈ തെറ്റായ വിവരം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവമാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്.ഓഗസ്റ്റ് അഞ്ചിന് രാവിലെയാണ് ഏകദേശം ഒന്നേമുക്കാൽ ലക്ഷം ഫോളോവേഴ്‌സുള്ള ഒരു അജ്ഞാത ഇന്ത്യൻ എക്‌സ് അക്കൗണ്ടിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹ്‌മദ് വാഹിദിയുടെ പേരിൽ വ്യാജ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. അമേരിക്കയും ഇസ്രായേലും ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം തങ്ങളുടെ രാജ്യം ആണവായുധ മോഹങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാൻ കമാൻഡർ പ്രതിജ്ഞയെടുത്തു എന്നായിരുന്നു ആ പോസ്റ്റിലെ ഉള്ളടക്കം.തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ ഊർജ്ജ ആവശ്യങ്ങൾക്കുള്ളതാണെന്നും അണുബോംബ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള ഇറാന്റെ ഔദ്യോഗിക നിലപാടിനെ പൂർണ്ണമായും അട്ടിമറിക്കുന്നതായിരുന്നു ഈ പ്രചാരണം. പോസ്റ്റ് വന്ന് രണ്ട് മണിക്കൂറിനുള്ളിൽ എൺപതിനായിരത്തിലധികം ഫോളോവേഴ്സുള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇതിന്റെ ഹിന്ദി പരിഭാഷ പങ്കുവെക്കുകയും, തുടർന്ന് 'മൊസാദ് കമന്ററി' എന്ന പ്രമുഖ അക്കൗണ്ടിലൂടെ ഇത് ആഗോളതലത്തിൽ വൻതോതിൽ റീപോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.ഇറാൻ അണുബോംബ് നിർമ്മിക്കാൻ പോകുന്നുവെന്നതിന്റെ ആദ്യത്തെ പരസ്യ പ്രഖ്യാപനമാണിതെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇസ്രയേലി ടെലിവിഷൻ ചാനലുകൾ ഇത് അടിയന്തിര വാർത്തയായി സംപ്രേഷണം ചെയ്തു. ഇതിനുപിന്നാലെ, വ്യാജ പോസ്റ്റ് വന്ന് മൂന്ന് മണിക്കൂറുകൾക്കകം ജെറുസലേമിലെ മൗണ്ട് ഹെർട്‌സലിൽ നടത്തിയ ഔദ്യോഗിക പ്രസംഗത്തിൽ ബെഞ്ചമിൻ നെതന്യാഹു ഈ പ്രസ്താവന ആവർത്തിക്കുകയായിരുന്നു. അമേരിക്കൻ ഐക്യരാഷ്ട്രസഭ അംബാസഡർ മൈക്ക് വാൾട്‌സ്, റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്‌കോട്ട് തുടങ്ങിയ പ്രമുഖ യുഎസ് രാഷ്ട്രീയ നേതാക്കളും ഈ വ്യാജവിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അമേരിക്കൻ മാധ്യമങ്ങളിലും ഇത് വലിയ ചർച്ചയായി മാറി.സമാധാന ചർച്ചകൾക്ക് കളമൊരുക്കുന്നതിനായി ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസ് ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഇത്തരം സമാധാന ശ്രമങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ആസൂത്രിതമായി വ്യാജവാർത്ത പടച്ചുവിട്ടതെന്നാണ് വസ്തുതാന്വേഷകർ ചൂണ്ടിക്കാണിക്കുന്നത്.