1, September, 2026
Updated on 1, September, 2026 32
തമിഴ്നാട്ടിലെ കർഷകർക്ക് ആശ്വാസമായി സേലത്തെ മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. പ്രതിദിനം 10,000 മുതൽ 12,000 വരെ ക്യുസെക്സ് ജലമാണ് തുറന്നുവിടുന്നത്. 45 ദിവസത്തേക്ക് തുടരുന്ന ഈ ജലസേചനത്തിലൂടെ 13 ജില്ലകളിലായി ഏകദേശം 8 ലക്ഷത്തോളം ഏക്കർ സ്ഥലത്തെ കൃഷിക്ക് വെള്ളം ലഭിക്കും.
സാധാരണയായി എല്ലാ വർഷവും ജൂൺ മാസത്തിലാണ് കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ട് തുറക്കാറുള്ളത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും കാവേരി നദീജല വിഹിതം കർണാടക വൈകിപ്പിച്ചതും കാരണം ഡാം തുറക്കുന്നത് ഏറെ വൈകുകയും, ഇത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ജൂൺ മാസത്തിൽ ചെയ്യേണ്ട കുറുവ നെൽകൃഷി പലയിടത്തും മുടങ്ങിയിരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഈ സീസണിൽ സമ്പ നെൽകൃഷിക്കാണ് കർഷകർ പ്രധാനമായും തയ്യാറെടുക്കുന്നത്.സേലം എയർപോർട്ടിൽ നിന്നും റോഡ് ഷോ ആയിട്ടാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മേട്ടൂരിൽ എത്തിയത്. വഴിയീടനിലുടനീളം നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. തുടർന്ന് മേട്ടൂർ ഡാമിന്റെ ചരിത്രം വിവരിക്കുന്ന ഫോട്ടോ പ്രദർശനം കണ്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.