സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഇന്നു മുതൽ കോഴിക്കോട്ട് തുടങ്ങുന്നു


13, September, 2026
Updated on 13, September, 2026 0


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ വിലയിരുത്താനും തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎമ്മിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കമാകും. രാവിലെ 10ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മേല്‍ വരാതിരിക്കാന്‍ ചര്‍ച്ചകളില്‍ കരുതലോടെയുള്ള നീക്കങ്ങളാണ് നേതൃത്വം നടത്തിയത്. ഇതിന്റെ ഭാഗമായി, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നിലവിലെ സംസ്ഥാന സമിതി ഇതിനകം അംഗീകരിച്ച റിപ്പോര്‍ട്ട് അതേ കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്യുന്ന പതിവില്ലെന്ന കാരണം പറഞ്ഞാണ് ഈ നിയന്ത്രണം.എന്നാല്‍ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതൃനിരയ്‌ക്കെതിരെ ഉയരാവുന്ന വിമര്‍ശനങ്ങളെ തടയിടാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ട്. പാർട്ടിയിൽ അടിമുടി മാറ്റംവേണമെന്നു നിലപാടുള്ളവരാണ് സംസ്ഥാനസമിതിയിൽ ഭൂരിപക്ഷവും. ചർച്ചയിൽ ഈ നിലപാടിന് മുൻതൂക്കംലഭിച്ചാലേ അഴിച്ചുപണിക്കു സാധ്യതയുള്ളൂ. പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃത്വം മാറണമെന്നാണ് ഈ വിഭാഗത്തിന്റെ ഉന്നം. അത് പ്രതീക്ഷിച്ചുള്ള പ്രതിരോധമാണ് ചർച്ചാനിയന്ത്രണം.യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റാണ് തയ്യാറാക്കിയത്. ഇതിന് അംഗീകാരം നൽകാൻ സംസ്ഥാനസമിതി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽകൂടി വരുത്തിയാണ് റിപ്പോർട്ട് അന്തിമമാക്കിയത്. ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി.എമ്മിനില്ല. ഇതാണ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽനിന്ന് പുറത്താകാൻ കാരണമായത്.




















Feedback and suggestions