20, September, 2026
Updated on 20, September, 2026 4
ഇടുക്കി/കോട്ടയം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധുവായ ചിന്നു (35) എന്നിവരാണ് മരിച്ചത്. അപകടത്തിനിടെ വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കൃഷിയിടത്തിൽ വിശ്രമിക്കാനായി നിർമിച്ച ഷെഡിനുള്ളിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ മണ്ണും വെള്ളവും ഒലിച്ചെത്തി ഷെഡ് പൂർണമായി തകരുകയായിരുന്നു. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിന് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. തീക്കോയി, തലനാട്, വാഗമൺ മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. തുടർച്ചയായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.
തീക്കോയി-വാഗമൺ റൂട്ടിലെ കാരിക്കാട് ടോപ്പിൽ കനത്ത മണ്ണിടിച്ചിലുണ്ടായി. പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണു. എന്നാൽ കാറുകളിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് പോലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മേഖലയിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.