21, September, 2026
Updated on 21, September, 2026 9
യമനിലെ ഹൂതി വിഭാഗം സൗദി അറേബ്യ ലക്ഷ്യമാക്കി നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന്, രാജ്യത്ത് ജോലി ചെയ്യുന്ന തങ്ങളുടെ സർക്കാർ ജീവനക്കാർക്കായി അമേരിക്ക പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുരക്ഷാ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ തായിഫ്, യാൻബു എന്നീ നഗരങ്ങളിലേക്ക് അമേരിക്കൻ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ഈ നഗരങ്ങളിലേക്ക് പോകണമെങ്കിൽ ഇനി മുതൽ പ്രത്യേക മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് യുഎസ് മിഷൻ ഈ അടിയന്തര തീരുമാനം കൈക്കൊണ്ടത്.
തലസ്ഥാനമായ റിയാദും മറ്റ് പ്രമുഖ മേഖലകളും ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തിരുന്നു. എങ്കിലും ജനവാസ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണ ശ്രമങ്ങൾ തുടരുന്നതിനാൽ സൗദിയിലെമ്പാടും കടുത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സൗദിയിലുള്ള മറ്റ് അമേരിക്കൻ പൗരന്മാരോടും അതീവ ജാഗ്രത പാലിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു. ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും നിർദ്ദേശമുണ്ട്.
മേഖലയിൽ സംഘർഷ സാദ്ധ്യത വർദ്ധിച്ചു വരുന്നതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാൻ തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. യെമൻ അതിർത്തി പ്രദേശങ്ങളിലേക്കും മറ്റ് ചില തന്ത്രപ്രധാന മേഖലകളിലേക്കും നേരത്തെ തന്നെ അമേരിക്കൻ ജീവനക്കാർക്ക് യാത്രാ വിലക്കുണ്ട്. സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്നതിനാൽ പൗരന്മാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നയതന്ത്ര കാര്യാലയങ്ങൾ സജ്ജമാണെന്നും യുഎസ് വക്താക്കൾ അറിയിച്ചു. സൗദിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും രൂക്ഷമായി അപലപിച്ചിട്ടുണ്ട്.