23, September, 2026
Updated on 23, September, 2026 9
എൽ.സി.എ എം.കെ-1എ യുദ്ധവിമാനങ്ങളിൽ എൻജിനുകൾ ഘടിപ്പിച്ചതായും, വ്യോമസേനയിലേക്ക് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായുള്ള കർശന പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. വൈകാതെ തന്നെ ഏറെ വൈകിയ തേജസ് പദ്ധതിക്ക് വേഗത കൈവരിക്കാനാകുമെന്നാണ് ഈ പുതിയ അപ്‌ഡേറ്റ് നൽകുന്ന സൂചന. വിതരണത്തിലെ കാലതാമസങ്ങൾക്കിടയിലാണ് വിമാനങ്ങളിൽ എൻജിൻ സ്ഥാപിച്ചതായും സമഗ്രമായ പരിശോധനകൾ നടന്നു വരികയാണെന്നും വ്യോമസേന അറിയിച്ചത്. വരാനിരിക്കുന്ന 'തരംഗ് ശക്തി' ബഹുമുഖ വ്യോമാഭ്യാസവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് വ്യോമസേന വൈസ് ചീഫ് എയർ മാർഷ്മാൽ അഷുതോഷ് ദീക്ഷിത് ഇക്കാര്യം വ്യക്തമാക്കിയത്.എൽ.സി.എ എം.കെ-1എ വിമാനങ്ങളുടെ വരവിനായി വ്യോമസേന ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻജിൻ വിതരണത്തിലെ തടസ്സങ്ങൾ കാരണം തുടക്കത്തിൽ കാലതാമസം നേരിട്ടതായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില സാങ്കേതിക ജോലികൾ കൂടി ബാക്കിയുണ്ടെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും, അതോടെ വിമാനങ്ങളുടെ ഇൻഡക്ഷൻ നടപടികൾ സുഗമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.എത്ര വിമാനങ്ങളിലാണ് എൻജിൻ ഘടിപ്പിച്ചതെന്നോ വിതരണം ചെയ്യുന്ന കൃത്യമായ സമയപരിധിയോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എൽ.സി.എ എം.കെ-1എ വിമാനങ്ങളുടെ ഡെലിവറി വൈകുന്നത് നേരത്തെ വലിയ ചർച്ചയായിരുന്നുവെന്നും, വ്യോമസേനാ മേധാവി എ.പി. സിംഗ് ഇത് പരസ്യമായി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബെംഗളൂരുവിൽ എച്ച്.എ.എൽ സംഘടിപ്പിച്ച സമീപകാല പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ സാങ്കേതിക പദ്ധതികളിലെ കാലതാമസത്തിനെതിരെ രംഗത്തു വന്നിരുന്നു. പ്രതിരോധ ആവശ്യങ്ങളിൽ വിടവുകൾ സൃഷ്ടിക്കുന്നതിനും ചെലവ് വർദ്ധിക്കുന്നതിനും ഇത്തരം വൈകലുകൾ കാരണമാകുമെന്നും, അവ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.2021 ജനുവരി 13-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, 45,696 കോടി രൂപ ചെലവിൽ 73 തേജസ് എം.കെ-1എ യുദ്ധവിമാനങ്ങളും 10 പരിശീലന വിമാനങ്ങളും വാങ്ങുന്നതിന് അനുമതി നൽകിയത്. രൂപകൽപ്പനയും വികസനവും ഇൻഫ്രാസ്ട്രക്ചറും ഉൾപ്പെടെ ഏകദേശം 48,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തത്തിലുള്ള മൂല്യം. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ 4+ തലമുറ പോർവിമാനത്തിൽ എ.ഇ.എസ്.എ റഡാർ, ബി.വി.ആർ മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളാണുള്ളത്. ഇത് വ്യോമസേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.