ട്രംപ്-മംദാനി കൂടിക്കാഴ്ച: കുടിയേറ്റ നയങ്ങളിലും ഭവനപദ്ധതിയിലും ചർച്ച; ഭിന്നതകൾക്കിടയിലും സഹകരണത്തിന് ധാരണ


22, September, 2026
Updated on 22, September, 2026 8



​വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. മാൻഹട്ടനിലെ ഗ്രേസി മാൻഷനിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഏകദേശം ഒരു മണിക്കൂർ നീണ്ടു. കുടിയേറ്റ നിയമനടപടികൾ, നഗരത്തിലെ ഭവനപ്രശ്നം, പൊതുസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. 2025-ലെ മേയർ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് മൂന്നാം തവണയാണ്.മംദാനി മേയറായി ചുമതലയേൽക്കുന്നതിന് മുൻപ് ട്രംപ് അദ്ദേഹത്തിനെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദപരമായ സമീപനമാണ് ഇരുവരും സ്വീകരിച്ചത്. മംദാനി മികച്ച മേയറാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ട്രംപ്, നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മംദാനിയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.ന്യൂയോർക്കിൽ 12,000 വീടുകൾ നിർമിക്കുന്നതിനുള്ള നിർദേശവും ചർച്ചയായി. ക്വീൻസിലെ സണ്ണിസൈഡ് യാർഡുമായി ബന്ധപ്പെട്ട ഈ പദ്ധതിക്ക് ഫെഡറൽ സർക്കാരിന്റെ അനുമതിയും ധനസഹായവും ആവശ്യമാണ്. പദ്ധതിക്കായി ഏകദേശം 21 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിങ് ആവശ്യമായി വരുമെന്ന് മംദാനി നേരത്തേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടർചർച്ചകൾ നടത്താൻ ഇരുപക്ഷവും ധാരണയിലെത്തി.ട്രംപിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് തനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് മംദാനി വ്യക്തമാക്കി. ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ താൽക്കാലിക സംരക്ഷിത പദവി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ട്രംപിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ കഴിയുന്ന ആരുമായും ചർച്ച തുടരുമെന്ന് മംദാനി വ്യക്തമാക്കി.കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകരുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയവും ശ്രദ്ധ നേടി. വൈറ്റ് ഹൗസിൽനിന്ന് ചില മാധ്യമസ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരേ പ്രമുഖ അമേരിക്കൻ ടെലിവിഷൻ ശൃംഖലകൾ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. സംയുക്ത വാർത്താസമ്മേളനത്തിൽ എല്ലാ മാധ്യമപ്രവർത്തകർക്കും പങ്കെടുക്കാൻ അവസരം നൽകണമെന്ന് താൻ ആവശ്യപ്പെട്ടതായി മംദാനി പറഞ്ഞു. മാധ്യമബഹിഷ്കരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മാധ്യമങ്ങൾ തന്നെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് തന്നെ ആശങ്കപ്പെടുത്തിയില്ലെന്ന് ട്രംപ് പ്രതികരിച്ചു.




Feedback and suggestions