വൈറ്റ് ഹൗസിലെ മാധ്യമവിലക്കില്‍ ട്രംപിന് തിരിച്ചടി: സിഎന്‍എന്‍,എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കോടതി


24, September, 2026
Updated on 24, September, 2026 8


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം സിഎന്‍എ ന്‍,എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടു ത്തിയ വിലക്ക് ഫെഡറല്‍ കോടതി നീക്കി. വിലക്ക് ഭരണഘടനാവിരുദ്ധമാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ടിം കെല്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ 18ന് ട്രംപ് പ്രഖ്യാപിച്ച വിലക്കിനെ തിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.മാധ്യമസ്ഥാപനങ്ങളുടെ പ്രസ് പാസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാനും അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പാക്കുന്നതില്‍നിന്ന് ഭരണകൂടത്തെ തടയാനും ജഡ്ജി ഉത്തരവിട്ടു. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന ഭരണകൂടത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ പാസുകള്‍ റദ്ദാക്കുന്നത് ദേശീയ സുരക്ഷ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കുന്ന വസ്തുതകള്‍ രേഖകളില്‍ ഇല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലെ സത്യസന്ധതയില്ലായ്മയും നിഷേധാത്മകതയും ആണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് മാധ്യമസ്ഥാപനങ്ങളും അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടതായി ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. വൈറ്റ് ഹൗസ് പ്രവേശനം റദ്ദാക്കുന്നതിന് മുമ്പ് വേണ്ടത്ര അറിയിപ്പോ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അവസരമോ നല്‍കിയില്ലെന്നും അവര്‍ വാദിച്ചു.വൈറ്റ് ഹൗസ് പ്രവേശനം അവകാശമല്ലെന്നും പ്രസിഡന്റിന് മാധ്യമസ്ഥാപനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്താനുള്ള അധികാരമുണ്ടെന്നും നീതിന്യായ വകുപ്പ് കോടതിയില്‍ വാദിച്ചു. എന്നാല്‍, വിലക്ക് നടപ്പാക്കിയതിന് ശേഷവും കേസ് ഫയല്‍ ചെയ്തതിന് ശേഷവുമാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് വിശദീകരണ കത്തുകള്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഈ വാദത്തില്‍ സംശയം പ്രകടിപ്പിച്ചു. വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ നടപടിക്രമം പാലിച്ച് പ്രതികരിക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.അതിനിടെ, മാധ്യമസ്വാതന്ത്ര്യ സംരക്ഷണ സംഘടനകളും നിരവധി പ്രമുഖ മാധ്യമസ്ഥാപനങ്ങളും മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണയുമായി കോടതിയില്‍ രേഖ സമര്‍പ്പിച്ചു. മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നിലപാടുകളോടുള്ള ഭരണകൂടത്തിന്റെ അതൃപ്തിയുടെ പേരില്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. റിപ്പോര്‍ട്ടേഴ്‌സ് കമ്മിറ്റി ഫോര്‍ ഫ്രീഡം ഓഫ് ദ പ്രസ്സ്, റോയിട്ടേഴ്‌സ്, വാഷിങ്ടണ്‍ പോസ്റ്റ്, ഫോക്‌സ് ന്യൂസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഈ നിലപാടിനെ പിന്തുണച്ചത്.


































Feedback and suggestions