1, October, 2026
Updated on 1, October, 2026 11
രാജ്യത്ത് ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിച്ചത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ മഴയോടെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്താകെ 12.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ 759 മില്ലീമീറ്റർ മഴമാത്രമാണ് ഈ സീസണിൽ ലഭിച്ചത്. 2015-ലെ 12.7 ശതമാനം മഴക്കുറവിന് ശേഷമുള്ള ഏറ്റവും ഉയർന്ന കുറവാണിത്. 2002, 2009, 2014, 2015 വർഷങ്ങൾക്ക് ശേഷം വീണ്ടും വലിയൊരു മഴക്കുറവിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.പ്രാദേശിക തലത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മധ്യ ഇന്ത്യയിൽ മാത്രമാണ് കാര്യമായ തോതിൽ മഴ ലഭിച്ചത്. എന്നാൽ വടക്കുകിഴക്കൻ ഇന്ത്യയിൽ 25.6 ശതമാനവും, ദക്ഷിണ ഉപദ്വീപ് മേഖലയിൽ 24.4 ശതമാനവും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 5.8 ശതമാനവും മഴക്കുറവുണ്ടായി. രാജ്യത്തെ 36 കാലാവസ്ഥാ ഉപമേഖലകളിൽ പകുതിയോളം ഭാഗങ്ങളിൽ മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. ബാക്കി ഭൂരിഭാഗം മേഖലകളിലും മഴയുടെ അളവ് വളരെ കുറവായിരുന്നു.മാസങ്ങൾ തിരിച്ചുള്ള കണക്കുകളിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായത്. ജൂണിൽ 36 ശതമാനം വലിയ കുറവോടെ തുടക്കം കുറിച്ചെങ്കിലും, ജൂലൈയിൽ ശരാശരിയേക്കാൾ ഒരുകുറച്ചുകൂടി മെച്ചപ്പെട്ട മഴ ലഭിച്ചു. എന്നാൽ ഓഗസ്റ്റിൽ 14 ശതമാനവും സെപ്റ്റംബറിൽ 8 ശതമാനവും വീണ്ടും മഴ കുറഞ്ഞതോടെ മൊത്തത്തിലുള്ള കാലവർഷം കൂടുതൽ ദുർബലമായി മാറുകയായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.