ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; എംഎ ബേബിയും ഡിവൈഎഫ്ഐ, ഐസ നേതാക്കളെയും അറസ്റ്റ് ചെയ്തു, തെരുവിൽ സംഘർഷം


2, October, 2026
Updated on 2, October, 2026 4


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെത്തുടർന്ന് രാജ്യതലസ്ഥാനം സമരകലുഷിതമായി. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധം ശക്തമായതോടെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, ബൃന്ദ കാരാട്ട് തുടങ്ങിയ മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.


ആയിരക്കണക്കിന് പൊലീസുകാരെ അണിനിരത്തിയെങ്കിലും ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ ജന്തർ മന്തറിലേക്ക് കുതിക്കുകയായിരുന്നു. ഇടതുപക്ഷ എം.പിമാർ അടക്കമുള്ള നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും പല പൊലീസ് വാഹനങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും ചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നടക്കം മൂവായിരത്തിലധികം പ്രവർത്തകരാണ് സമരത്തിൽ അണിനിരന്നത്.


ഡിവൈഎഫ്ഐക്ക് പുറമെ ഐസ, ജനാധിപത്യ മഹിളാ അസോസിയേഷൻ, യൂത്ത് ലീഗ്, എഐഎസ്എഫ്, ആം ആദ്മി പാർട്ടി എന്നിവരുടെ നേതൃത്വത്തിലും വൻ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാനെയും മുൻപ് സമരവുമായെത്തിയ ഐസ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജന്തർ മന്തറിലേക്ക് പ്രകടനമായെത്തിയ ഐസ പ്രവർത്തകർക്ക് നേരെ പൊലീസ് അടിച്ചമർത്തലുണ്ടായി. ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകൾ പ്രഖ്യാപിച്ചു.


സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഡൽഹിയിൽ 5000-ത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ന്യൂഡൽഹി ജില്ലയിൽ മുൻപേ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് പുറമെ പതിനൊന്നോളം മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും സമരമേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പൂർണ്ണമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.




Feedback and suggestions