6, October, 2026
Updated on 6, October, 2026 15
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എം.പിമാർ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പുറപ്പെട്ട പ്രകടനം ആകാശവാണി ഭവന് മുന്നിൽ വെച്ചാണ് പോലീസ് തടഞ്ഞത്. തുടർന്ന് പ്രതിപക്ഷ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മാർച്ചിന് നേരെ ബാരിക്കേഡുകൾ ഉയർത്തിയതോടെ എസ്പി പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയും പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് ബിജു ജനതാദളും അണിനിരന്നു.ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിൽ ഇന്ന് കോൺഗ്രസും ഇന്ത്യ സഖ്യവും നേരിട്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയായിരുന്നു. മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.