11, October, 2026
Updated on 11, October, 2026 7
ജിബൂട്ടി തീരത്ത് ബോട്ട് മുങ്ങി 15 കുട്ടികൾ ഉൾപ്പെടെ 109 കുടിയേറ്റക്കാർ മരിച്ചു. ഒക്ടോബർ 8-9 തീയതികളിൽ രാത്രിയിലുണ്ടായ അപകടത്തിൽ കാണാതായവരുടെ എണ്ണം 116 ആണ്. ജിബൂട്ടിയിൽ നിന്ന് യെമനിലേക്ക് 350-ലധികം പേരുമായി പോയ ബോട്ട്, ജിബൂട്ടി പട്ടണമായ ഒബോക്കിന് വടക്ക് ഭാഗത്തായി മറിഞ്ഞതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) പ്രസ്താവനയിൽ അറിയിച്ചു.
ഇത് നികത്താനാകാത്ത വലിയൊരു ജീവഹാനിയാണ്. ദുരന്തത്തിൽപ്പെട്ടവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ഒപ്പം ഞങ്ങൾ പങ്കുചേരുന്നു. അടിയന്തര സഹായം നൽകുന്നതിനായി ഞങ്ങളുടെ ടീമുകൾ പ്രാദേശിക അധികാരികളോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടുമ്പോൾ കുടിയേറ്റക്കാർ നേരിടുന്ന ഭീകരമായ അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം,” ജിബൂട്ടിയിലെ ഐ.ഒ.എം ചീഫ് ഓഫ് മിഷൻ അലക്‌സാണ്ടർ കൊയ്‌സാക് പറഞ്ഞു.ഇതുവരെ കണ്ടെടുത്ത 109 മൃതദേഹങ്ങളിൽ 52 പുരുഷന്മാരും 42 സ്ത്രീകളും 15 കുട്ടികളും (9 പെൺകുട്ടികളും 6 ആൺകുട്ടികളും) ഉൾപ്പെടുന്നു. എത്യോപ്യൻ പൗരന്മാരായ 80-ലധികം പേർ കപ്പൽ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഐ.ഒ.എം-ന്റെ ഒബോക്ക് മൈഗ്രന്റ് റെസ്‌പോൺസ് സെന്ററിൽ (എം.ആർ.സി) അതിജീവിച്ച 64 പേർക്ക് ആരോഗ്യ സംരക്ഷണം, താൽക്കാലിക താമസം, ഭക്ഷണ സഹായം എന്നിവയ്ക്കൊപ്പം കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അപകടത്തിൽ കാണാതായവരെ കണ്ടെത്താനായി ജിബൂട്ടി അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.