ഫോർട്ട് ഹൂഡ് കൊലക്കേസ്: വധശിക്ഷ ലൈവായി സംപ്രേഷണം ചെയ്യാനുള്ള പെന്റഗൺ നീക്കം ഐ.എസ്. രീതിക്ക് തുല്യമെന്ന് സെനറ്റർമാർ


11, October, 2026
Updated on 11, October, 2026 7


വാഷിംഗ്ടൺ: ഫോർട്ട് ഹൂഡ് കൂട്ടക്കൊലക്കേസിലെ പ്രതിയും മുൻ യു.എസ്. ആർമി മേജറുമായ നിഡാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗൺ നീക്കത്തിനെതിരേ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ഫയറിങ് സ്‌ക്വാഡ് ഉപയോഗിച്ചുള്ള വധശിക്ഷ പരസ്യമായി സംപ്രേഷണം ചെയ്യുന്നത് ഭീകരപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും കുറ്റവാളിക്ക് രക്തസാക്ഷിത്വ പരിവേഷം നൽകുമെന്നും ജനപ്രതിനിധികളും സുരക്ഷാ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകി.വരുന്ന ഡിസംബർ മൂന്നിന് നടക്കാനിരിക്കുന്ന വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് പ്രഖ്യാപിച്ചത്. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. പ്രതിരോധ സെക്രട്ടറിയുടെ ശുപാർശയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.എന്നാൽ, ഭരണകൂടത്തിന്റെയും പെന്റഗണിന്റെയും ഈ നിലപാടിനെതിരേ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്ന് ഒരുപോലെ കടുത്ത വിമർശനമാണ് ഉയരുന്നത്. തീരുമാനം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് പ്രതികരിച്ചു. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും സ്വേച്ഛാധിപത്യ ഭരണാധികാരികളാണ് ഇത്തരം പരസ്യ വധശിക്ഷകൾ നടപ്പാക്കാറുള്ളതെന്നും അമേരിക്കയിൽ ഇത് സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വധശിക്ഷ തത്സമയം കാണിക്കുന്നത് പ്രാകൃതമാണെന്നും ഭീകര സംഘടനയായ ഐ.എസ്.ഐ.എസ്. നടത്തുന്ന കൊലപാതകങ്ങളെ അമേരിക്ക അനുകരിക്കുകയാണോ എന്നും ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി ചോദിച്ചു.അക്രമങ്ങളെ പരസ്യമായി ദൃശ്യവൽക്കരിക്കുന്നത് കൂടുതൽ തീവ്രവാദികളെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ നെഡ് പ്രൈസും ചൂണ്ടിക്കാട്ടി. നിലവിൽ വീൽചെയറിലുള്ള നിഡാൽ ഹസനെ ഫയറിങ് സ്‌ക്വാഡ് വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ കുറ്റവാളിയോട് സഹതാപം വളർത്താനും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഭീകരവാദികൾക്ക് പ്രചോദനമാകാനും ഇടയാക്കുമെന്ന് കൺസർവേറ്റീവ് നേതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നു.പെന്റഗണിന്റെ ഈ തീരുമാനം മരണ സംസ്കാരത്തിന്റെ ക്രൂരമായ പ്രോത്സാഹനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യു.എസ്. കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് പോൾ എസ്. കോക്ലി ആവശ്യപ്പെട്ടു.2009-ലാണ് ടെക്സാസിലെ ഫോർട്ട് ഹൂഡ് സൈനിക താവളത്തിൽ നിഡാൽ ഹസൻ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തിൽ ഏഴ് തവണ വെടിയേറ്റിട്ടും ജീവൻ തിരിച്ചുകിട്ടിയ മുൻ സൈനികൻ അലോൻസോ ലൺസ്ഫോർഡ് വധശിക്ഷ നേരിട്ട് കാണാൻ താൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും പൊതുജനങ്ങൾക്കായി ഇത് സംപ്രേഷണം ചെയ്യുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത് ആളുകൾക്ക് വിനോദത്തിനുള്ള ഒന്നല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.വധശിക്ഷയെ ഒരു പൊതു പ്രദർശനമാക്കുന്നത് യു.എസ്. ഉപേക്ഷിച്ച പഴയകാല പ്രാകൃത രീതികളിലേക്ക് തിരിച്ചുപോകുന്നതിന് തുല്യമാണെന്നാണ് നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. 1936-ൽ കെന്റക്കിയിൽ റേണി ബെഥിയ എന്നയാളെ തൂക്കിലേറ്റിയതാണ് അമേരിക്കൻ ചരിത്രത്തിൽ ഇതിനുമുമ്പ് നടന്ന അവസാനത്തെ പരസ്യ വധശിക്ഷ








.

























Feedback and suggestions