​യു.എസ്. വിലക്കിനു മുന്നേ ഗ്രീൻ കാർഡ് അപേക്ഷകളിൽ വൻ കുറവുമായി ഇന്ത്യൻ ഐ.ടി. കമ്പനികൾ


12, October, 2026
Updated on 12, October, 2026 11


വാഷിങ്‌ടൺ: യു.എസ്. സർക്കാരിന്റെ പുതിയ വിലക്കിനു മുൻപുതന്നെ ഇന്ത്യൻ ഐ.ടി. കമ്പനികൾ സമർപ്പിക്കുന്ന ഗ്രീൻ കാർഡ് അപേക്ഷകളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്. വിദേശ ജീവനക്കാർക്ക് യു.എസിൽ സ്ഥിരതാമസാനുമതി (ഗ്രീൻ കാർഡ്) ലഭിക്കുന്നതിനുള്ള ആദ്യപടിയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് പ്രമുഖ എട്ട് ഇന്ത്യൻ ഐ.ടി. കമ്പനികളെ അമേരിക്ക സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിക്ക് മുൻപുതന്നെ കമ്പനികൾ അപേക്ഷകളുടെ എണ്ണം കുത്തനെ കുറച്ചതിനാൽ പുതിയ വിലക്ക് വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

​വിദേശ തൊഴിലാളികളെ വൻതോതിൽ നിയമിക്കുന്നത് തദ്ദേശീയരായ അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന വാദമുയർത്തിയാണ് യു.എസ്. അധികൃതരുടെ നടപടി.അമേരിക്കയുടെ പുതിയ വിലക്ക് ഇന്ത്യൻ ഐ.ടി. മേഖലയെ കാര്യമായി ബാധിക്കില്ലെന്ന് എച്ച്.സി.എൽ. ടെക്നോളജീസിന്റെ മുൻ സി.ഇ.ഒ. വിനീത് നായർ അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം യു.എസ്. അനുവദിച്ച 1,17,849 'പേം' സർട്ടിഫിക്കേഷനുകളിൽ 1,400-ൽ താഴെ മാത്രമായിരുന്നു ഇന്ത്യൻ കമ്പനികളുടേത് (ആകെ കണക്കിന്റെ രണ്ട് ശതമാനത്തിൽ താഴെ). അതിനാൽ ഉടനടിയുള്ള പ്രത്യാഘാതം ചെറുതായിരിക്കുമെന്ന് അദ്ദേഹം 'എക്‌സി'ൽ (X) കുറിച്ചു.

​കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ 'പേം' അപേക്ഷകൾ ഒറ്റയക്കത്തിലായിരുന്നുവെന്നും പുതിയ യു.എസ്. തീരുമാനം ബിസിനസ് തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്നും ടി.സി.എസ്. വ്യക്തമാക്കി.

​അതേസമയം, അമേരിക്കയിൽ പ്രാദേശിക നിയമനങ്ങൾ വർധിപ്പിച്ചുകൊണ്ട് എച്ച്-1ബി (H-1B) വിസകളിലുള്ള ആശ്രയത്വം ഇന്ത്യൻ കമ്പനികൾ കുറച്ചുകൊണ്ടുവരികയാണെന്ന് ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'നാസ്കോം' (NASSCOM) വ്യക്തമാക്കി. അതിനാൽ എച്ച്-1ബി വിസയിൽനിന്ന് ഗ്രീൻ കാർഡിലേക്ക് മാറുന്ന ജീവനക്കാരുടെ എണ്ണവും നിലവിൽ പരിമിതമാണെന്ന് സംഘടന കൂട്ടിച്ചേർത്തു.





Feedback and suggestions