അമേരിക്കയിൽ ക്രൂരമായ കുടിയേറ്റ വേട്ട: വെടിയേറ്റ യുവാവിന്റെ കഴുത്തിൽ ഇപ്പോഴും ബുള്ളറ്റ്; നൽകുന്നത് വേദനസംഹാരി മാത്രം


15, October, 2026
Updated on 15, October, 2026 8


ന്യൂയോർക്ക്: അമേരിക്കൻ ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ വേട്ട വീണ്ടും നടുക്കമാകുന്നു. ന്യൂയോർക്കിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥരുടെ വെടിയേറ്റ ഇരുപത്തെട്ടുകാരന്റെ കഴുത്തിൽ ആഴ്ചയൊന്ന് പിന്നിട്ടിട്ടും വെടിയുണ്ട കുടുങ്ങിക്കിടക്കുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിയായ ഓസ്കർ ബെൽഗലാണ് മൃഗീയമായ ഫെഡറൽ അതിക്രമത്തിനിരയായി സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളോടെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്നത്.കഴുത്തിൽ വെടിയുണ്ട കുടുങ്ങിക്കിടക്കുന്നതിനാൽ മുഖത്തിന്റെ ഇടതുഭാഗം തളർന്നുപോയ നിലയിലാണ്. ഇടത് ചെവിക്ക് കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ട്. ക്രൂരമായ ഈ വംശീയ വേട്ടയ്ക്ക് ഇരയായ യുവാവിന് കടുത്ത വേദനയ്ക്ക് വെറും ഐബുപ്രോഫൻ ഗുളികകൾ മാത്രമാണ് നൽകുന്നതെന്ന് അഭിഭാഷകർ ഫെഡറൽ കോടതിയെ അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ച മാൻഹട്ടനിൽവെച്ചാണ് എൽഐഇ ഉദ്യോഗസ്ഥർ ബെൽഗലിന് നേരെ വെടിയുതിർത്തത്. ഈ സമയത്ത് അദ്ദേഹത്തിന്റെ കാറിന്റെ പിൻസീറ്റിൽ അഞ്ചുവയസ്സുള്ള മകനുമുണ്ടായിരുന്നു. ക്രൂരമായ അതിക്രമത്തിനു ശേഷം ബെൽഗലിനെ ബ്രൂക്ക്ലിനിലെ മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിലെ പ്രത്യേക തടങ്കൽ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഇയാളെ ഉടനടി നാടുകടത്താനുള്ള പിന്തിരിപ്പൻ നീക്കങ്ങളുമായാണ് ഫെഡറൽ അധികൃതർ മുന്നോട്ടുപോകുന്നത്.അതേസമയം, ലീഗൽ എയ്ഡ് സൊസൈറ്റി നൽകിയ ഹർജിയിൽ ബെൽഗലിനെ നാടുകടത്തുകയോ ന്യൂയോർക്ക്, ന്യൂജേഴ്സി ഡിസ്ട്രിക്റ്റുകൾക്ക് പുറത്തേക്ക് മാറ്റുകയോ ചെയ്യരുതെന്ന് ഫെഡറൽ ജഡ്ജി താൽക്കാലിക വിലക്കേർപ്പെടുത്തി. വാറന്റില്ലാതെയാണ് ഐസിഇ ഉദ്യോഗസ്ഥർ അറസ്റ്റ് നടത്തിയത്. വ്യക്തിഗത സാഹചര്യങ്ങളോ ജാമ്യസാധ്യതയോ പരിശോധിക്കാതെ നിർബന്ധിതമായി തടങ്കലിൽ പാർപ്പിച്ചതിന് ഫെഡറൽ ഭരണകൂടം വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.വർഗീയ-വംശീയ ആരോപണങ്ങൾ ഉന്നയിച്ച് തങ്ങളുടെ അതിക്രമത്തെ ന്യായീകരിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ശ്രമം. ബെൽഗലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വാഹനത്തെ ആയുധമാക്കി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് ഇവരുടെ വാദം. എന്നാൽ, സംഘബന്ധമെന്ന ഫെഡറൽ ഏജൻസിയുടെ ആരോപണം തള്ളിയ അഭിഭാഷകർ, ഇതിന് യാതൊരു തെളിവും ഹാജരാക്കാൻ ഐസിഇക്ക് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.

































Feedback and suggestions