ഫ്‌ളോറിഡയില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; പെയ്തിറങ്ങിയത് 15 ഇഞ്ചിലധികം മഴ: റോഡുകളില്‍ വെള്ളം കയറി


3, November, 2026
Updated on 3, November, 2026 4


വാഷിംഗ്ടണ്‍: ഫ്‌ലോറിഡയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയ ഭീഷണി രൂക്ഷം. സംസ്ഥാനത്തെ ബ്രെവാര്‍ഡ് കൗണ്ടിയുടെ ചില മേഖലകളില്‍ 20 ഇഞ്ച് വരെ മഴ ലഭിച്ചു. . കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാവുകയും കാറുകള്‍ മുങ്ങുകയും ചെയ്തു. െപ്രളയത്തെ തുടര്‍ന്ന് ബ്രെവാര്‍ഡ് കൗണ്ടിയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച അടച്ചു. സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല. വെസ്റ്റ് മെല്‍ബണ്‍, പാം ബേ, ഗ്രാന്റ്-വാല്‍ക്കേറിയ മേഖലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് തുടരുകയാണ്. ബ്രെവാര്‍ഡ് കൗണ്ടി നിവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് മെല്‍ബണ്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാഹചര്യം ജീവന് ഭീഷണിയാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.മധ്യ ഫ്‌ലോറിഡയിലെ മറ്റു ചില പ്രദേശങ്ങളിലും എട്ട് മുതല്‍ പത്ത് ഇഞ്ച് വരെ മഴ ലഭിച്ചിട്ടുണ്ട്. തെക്കന്‍, മധ്യ ഫ്‌ലോറിഡയിലെ വിവിധ മേഖലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നിലവിലുണ്ടെന്ന് മയാമി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാം ബീച്ച് കൗണ്ടിയുടെ മധ്യവടക്കന്‍ മേഖലകളിലും പ്രളയ മുന്നറിയിപ്പുകള്‍ തുടരുകയാണ്. തെക്കന്‍ ഫ്‌ലോറിഡയിലാകെ വൈകിട്ട് ഏഴ് വരെ പ്രളയ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലില്‍ മൂന്ന് എന്ന നിലയിലുള്ള മിതമായ അപകടസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.സെന്റ് ലൂസി വെസ്റ്റ് മേഖലയില്‍ റോഡുകളില്‍ വലിയ തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനഗതാഗതം അപകടകരമായതായി പോര്‍ട്ട് സെന്റ് ലൂസി പൊലീസ് അറിയിച്ചു. അത്യാവശ്യമല്ലെങ്കില്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. റോഡില്‍ വെള്ളം കണ്ടാല്‍ മുന്നോട്ടുപോകാതെ മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്നും വെള്ളത്തിന്റെ ആഴം കുറച്ചുകാണരുതെന്നും മുന്നറിയിപ്പുണ്ട്.


















Feedback and suggestions