3, November, 2026
Updated on 3, November, 2026 4
വാഷിങ്‌ടണ്‍: യു.എസ്. കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്ന് നിര്‍ണയിക്കുന്ന 2026-ലെ നിര്‍ണായക ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് അമേരിക്കയൊടുങ്ങുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനുള്ള ജനപിന്തുണയുടെ ആദ്യ വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് കാണപ്പെടുന്നത്. ജനപ്രതിനിധിസഭയിലും സെനറ്റിലും നിലവിലുള്ള റിപ്പബ്ലിക്കന്‍ മേധാവിത്വം അവസാനിപ്പിച്ച് ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടുമോ, അതോ ട്രംപിന്റെ നയങ്ങള്‍ക്ക് വോട്ടര്‍മാര്‍ വീണ്ടും പിന്തുണ പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. രാജ്യത്തെ ജീവിതച്ചെലവിലുണ്ടായ വര്‍ധനയും ഇറാനുമായുള്ള അമേരിക്ക-ഇസ്രയേല്‍ യുദ്ധവും ഇത്തവണത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്നുണ്ട്. 2028-ലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഇരുപാര്‍ട്ടികളുടെയും തന്ത്രങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഫലം ദിശാബോധം നല്‍കും.നിലവില്‍ 218-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധിസഭ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍. അതേസമയം, 53-47 എന്ന ഭൂരിപക്ഷമുള്ള സെനറ്റിലെ പോരാട്ടം കൂടുതല്‍ കടുപ്പമേറിയതാണ്.ഫ്‌ളോറിഡ, വിര്‍ജീനിയ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ സീറ്റുകളിലേക്ക് നടക്കുന്ന മത്സരങ്ങളും ഒഹായോ, അയോവ, അലാസ്‌ക, കന്‍സാസ്, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് പോരാട്ടങ്ങളും നിര്‍ണായകമാകും. ഈ സംസ്ഥാനങ്ങളിലെ പ്രകടനമായിരിക്കും അന്തിമമായി കോണ്‍ഗ്രസിന്റെ നിയന്ത്രണം ആരുടെ കൈകളിലാണെന്ന് തീരുമാനിക്കുക.വോട്ടെണ്ണല്‍ നടപടികളും ഫലപ്രഖ്യാപനവുമാണ് ഇത്തവണയും ആശങ്കയുയര്‍ത്തുന്ന മറ്റൊരു ഘടകം. വോട്ടര്‍മാരുടെ യോഗ്യത, ബാലറ്റുകളുടെ എണ്ണല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശികമായി തര്‍ക്കങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂ, പാര്‍ട്ടി നിരീക്ഷകരുടെ എതിര്‍പ്പുകള്‍, വോട്ടിങ് യന്ത്രങ്ങളിലെ സാങ്കേതിക തകരാറുകള്‍ എന്നിവ ഫലപ്രഖ്യാപനം വൈകിക്കാനും നിയമപോരാട്ടങ്ങളിലേക്ക് നയിക്കാനും ഇടയാക്കിയേക്കാം. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് ദിവസം രാജ്യത്തുടനീളം ആയിരത്തോളം നിരീക്ഷകരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീതിന്യായ വകുപ്പ് പദ്ധതിയിടുന്നുണ്ട്.തിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയാണ്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും കൃത്രിമം നടന്നതായി ആരോപിക്കുകയും ചെയ്ത ട്രംപ്, പിന്നീട് ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. അതിനാല്‍ ഇത്തവണ ഫലം എതിരായാല്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും നിര്‍ണായകമാകും.ഇരുപാര്‍ട്ടികളുടെയും പരമ്പരാഗത വോട്ടുബാങ്കുകള്‍ എത്രത്തോളം പോളിങ് ബൂത്തിലെത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍. അഭിപ്രായ സര്‍വേകള്‍ പ്രകാരം ഡെമോക്രാറ്റിക് അനുഭാവികള്‍ക്കിടയില്‍ ആവേശം കൂടുതലാണെങ്കിലും യുവാക്കള്‍, കറുത്തവര്‍ഗക്കാര്‍, ഹിസ്പാനിക് വിഭാഗങ്ങള്‍ എന്നിവരുടെ പങ്കാളിത്തം കുറഞ്ഞാല്‍ അത് ഡെമോക്രാറ്റുകളുടെ പ്രതീക്ഷകളെ ദോഷകരമായി ബാധിച്ചേക്കാം.2024-ലെ പരാജയത്തിനുശേഷം ജനകീയ സാമ്പത്തിക നയങ്ങളാണോ അതോ മധ്യനിലപാടുകളാണോ സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം ഇരുപാര്‍ട്ടികളുടെയും ഭാവി നിലപാടുകളെയും 2028-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തെയും ഒരുപോലെ സ്വാധീനിക്കും.