യുദ്ധത്തിനിടയിലും റഷ്യൻ വാതകം വീണ്ടും യൂറോപ്പിലേക്ക്? നിർണായക നീക്കവുമായി അമേരിക്ക; പുടിനെ അനുനയിപ്പിക്കാൻ ട്രംപിന്റെ പുതിയ തന്ത്രം!


2, November, 2026
Updated on 2, November, 2026 11


യുദ്ധം അവസാനിച്ചിട്ടില്ല, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. എന്നാൽ ഇതിനിടയിൽ യൂറോപ്പിന്റെ ഊർജ്ജഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന നിർണായക നീക്കവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. വർഷങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന റഷ്യൻ പ്രകൃതിവാതക വിതരണം ഉക്രെയ്‌നിലൂടെയുള്ള പൈപ്പ്‌ലൈനുകൾ വഴി യൂറോപ്പിലേക്ക് വീണ്ടും ആരംഭിക്കാനുള്ള പദ്ധതിക്കാണ് അമേരിക്ക പിന്തുണ നൽകുന്നതെന്നാണ് റിപ്പോർട്ട്. ശൈത്യകാലം അടുത്തെത്തുമ്പോൾ യൂറോപ്പിലെ ഊർജ്ജപ്രതിസന്ധി ലഘൂകരിക്കാനും റഷ്യയെ സമാധാനചർച്ചകളിലേക്ക് അടുപ്പിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. എന്നാൽ യുദ്ധത്തിനിടയിൽ റഷ്യൻ വാതകത്തിന് വീണ്ടും യൂറോപ്യൻ വിപണി തുറന്നുകൊടുക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.


അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബറിൽ റഷ്യയിലും യുക്രെയ്‌നിലും നടത്തിയ സന്ദർശനങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും ഈ നിർദ്ദേശത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. റഷ്യയിൽനിന്നുള്ള പ്രകൃതിവാതകം ഒരു അമേരിക്കൻ ഇടനിലക്കാരൻ വഴി യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്നതാണ് പരിഗണനയിലുള്ള പദ്ധതി. യൂറോപ്യൻ ഉപരോധങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മറികടക്കാനുള്ള സാധ്യതയും ഇതിലൂടെ പരിശോധിക്കപ്പെടുന്നു. അമേരിക്കൻ നിക്ഷേപകർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള അവസരവും പദ്ധതിയിലുണ്ടെന്നാണ് റിപ്പോർട്ടിൽ ഉദ്ധരിച്ച ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.


റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഊർജ്ജ വെടിനിർത്തലിന് സമ്മതിപ്പിക്കാനുള്ള പ്രോത്സാഹനമായാണ് അമേരിക്ക ഈ നിർദ്ദേശത്തെ കാണുന്നത്. യൂറോപ്പിലെ വലിയ പ്രകൃതിവാതക വിപണിയിലേക്ക് തിരിച്ചെത്താൻ അവസരം ലഭിച്ചാൽ റഷ്യ ചർച്ചകളിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുമെന്നാണ് അമേരിക്കൻ പ്രതിനിധികളുടെ പ്രതീക്ഷ. അതേസമയം, റഷ്യൻ ഊർജ്ജവരുമാനം യുദ്ധത്തിന് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക പരിഹരിക്കേണ്ടതും നിർണായകമാണ്.നിർദ്ദിഷ്ട പദ്ധതി നടപ്പിലായാൽ സൈബീരിയയിലെ യുറെൻഗോയ് വാതകമേഖലയിൽനിന്നുള്ള പ്രകൃതിവാതകം സോവിയറ്റ് കാലഘട്ടത്തിൽ സ്ഥാപിച്ച പൈപ്പ്‌ലൈൻ ശൃംഖലയിലൂടെ യുക്രെയ്‌നിലെത്തും. അവിടെനിന്ന് സ്ലൊവാക്യ വഴി ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും ഉൾപ്പെടെയുള്ള യൂറോപ്യൻ വിപണികളിലേക്ക് വിതരണം നടത്താനാണ് ആലോചന. 2022 സെപ്റ്റംബറിലെ സ്ഫോടനങ്ങളിൽ തകർന്ന നോർഡ് സ്ട്രീം പൈപ്പ്‌ലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ യുക്രെയ്ൻ വഴിയുള്ള സംവിധാനം വേഗത്തിൽ പുനരാരംഭിക്കാനാകുമെന്നാണ് പദ്ധതിയെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തൽ. എന്നാൽ രാഷ്ട്രീയ അനുമതികളും സുരക്ഷാ ഉറപ്പുകളും അനിവാര്യമാണ്.

വാതകവിൽപ്പനയിലൂടെ ലഭിക്കുന്ന പണം റഷ്യയ്ക്ക് നേരിട്ട് കൈമാറാതെ മൂന്നാം രാജ്യത്തിന്റെ അധികാരപരിധിയിലുള്ള പ്രത്യേക എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശവും അമേരിക്ക മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധപ്രവർത്തനങ്ങൾക്ക് ഈ വരുമാനം നേരിട്ട് വിനിയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. അതേസമയം, പൈപ്പ്‌ലൈനിലൂടെ വാതകം കടത്തിവിടുന്നതിനുള്ള ട്രാൻസിറ്റ് ഫീസ് ഉക്രെയ്‌നിന് സാമ്പത്തിക ആശ്വാസമാകാനും സാധ്യതയുണ്ട്.


ശൈത്യകാലത്തിന് മുന്നോടിയായി യൂറോപ്പിലെ വാതകശേഖരവും ഊർജ്ജവിലയും സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെയാണ് ചർച്ചകൾക്ക് പ്രാധാന്യമേറുന്നത്. റഷ്യൻ വാതകവിതരണം പുനരാരംഭിക്കുന്നത് വിലയിൽ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. എന്നാൽ റഷ്യൻ ഊർജ്ജത്തെ വീണ്ടും ആശ്രയിക്കുന്നത് യൂറോപ്പിന്റെ ദീർഘകാല ഊർജ്ജസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് പദ്ധതിയുടെ ഭാവിയിൽ നിർണായകമാകും.


ഇതിനിടെ ഇരുരാജ്യങ്ങളുടെയും ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സമാധാനശ്രമങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്കെതിരായ ആക്രമണം യുക്രെയ്ൻ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ റഷ്യ യുക്രെയ്‌നിലെ ഊർജ്ജസൗകര്യങ്ങൾ ആക്രമിക്കുന്നത് തുടർന്നതായും പിന്നീട് യുക്രെയ്ൻ റഷ്യൻ റിഫൈനറികൾക്കെതിരായ ആക്രമണം പുനരാരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


നവംബർ മധ്യത്തിൽ അബുദാബിയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന അമേരിക്ക, റഷ്യ, യുക്രെയ്ൻ ത്രികക്ഷി സമാധാനചർച്ചകൾക്ക് മുന്നോടിയായി ഊർജ്ജകരാറിലെത്താനുള്ള ശ്രമങ്ങൾ ശക്തമായിരിക്കുകയാണ്. എന്നാൽ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശത്തോട് റഷ്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. യുദ്ധം തുടരുന്നതിനിടയിൽ ഊർജ്ജവ്യാപാരം പുനരാരംഭിക്കാനുള്ള ഈ നീക്കം വിജയിക്കുമോ എന്നതാണ് ഇനി പ്രധാന ചോദ്യം. സാമ്പത്തിക താൽപ്പര്യങ്ങളും സുരക്ഷാ ആശങ്കകളും രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള സങ്കീർണമായ ചർച്ചകളായിരിക്കും പദ്ധതിയുടെ ഭാവി നിർണയിക്കുക. റഷ്യൻ വാതകം വീണ്ടും യൂറോപ്പിലെത്തിയാൽ അത് ഊർജ്ജവിപണിയിൽ മാത്രമല്ല, ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട നയതന്ത്രബന്ധങ്ങളിലും നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കാം.




Feedback and suggestions