5, November, 2026
Updated on 5, November, 2026 11
വാഷിംഗ്ടണ്‍: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറിയെ മാറ്റാന്‍ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. അത്തരമൊരു നീക്കമില്ലെന്നും അദ്ദേഹം വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്.ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് ട്രംപ് നേരത്തെ പരസ്യമായി ആരോപിച്ചിരുന്നു. ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ട്രംപിന്റെ ഉറച്ച പിന്തുണ വീണ്ടും ലഭിച്ചിരിക്കുന്നത്.
യുദ്ധം മൂലം ഉണ്ടായ ഇന്ധനവില വര്‍ധനയും വോട്ടര്‍മാര്‍ക്കിടയിലെ അതൃപ്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. എന്നിരുന്നാലും, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയിലും പ്രതിരോധ സെക്രട്ടറിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയതിലൂടെ ഹെഗ്‌സെത്തിന്റെ കസേരയ്ക്ക് നിലവില്‍ ഭീഷണിയൊന്നുമില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നല്‍കിയിരിക്കുന്നത്.