5, November, 2026
Updated on 5, November, 2026 11
വാഷിംഗ്ടണ്‍: യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടിക്ക് പിന്നാലെ പ്രത്യാക്രമണ നിലപാടുമായി വൈറ്റ് ഹൗസ്. ‘ഒരിക്കലും കീഴടങ്ങില്ല’ (NEVER SURRENDER) എന്ന സന്ദേശത്തോടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.ഭരണകൂടത്തിന്റെ ഇറാന്‍ നയവും ആഭ്യന്തര വിഷയങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിനിടെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇറാന്‍ യുദ്ധമാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വിലയിരുത്തലിനോട് ട്രംപും ഭാഗികമായി യോജിച്ചു. യുദ്ധം കാരണം ഇന്ധനവിലയിലുണ്ടായ തത്കാലിക വര്‍ധനവ് വോട്ടര്‍മാരുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടാകാമെന്ന് ട്രംപ് സമ്മതിച്ചു.എന്നാല്‍ ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കാനാകില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും സൈനിക നടപടി അനിവാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതാണ് ശരിയായ പരിഹാരമെന്നും ഭാവിയിലും ഇതേ സാഹചര്യം വന്നാല്‍ സമാനമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.തന്റെ വ്യക്തിപരമായ ജനപ്രീതി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടായി മാറിയില്ലെന്നും താന്‍ നേരിട്ട് മത്സരിച്ചിരുന്നെങ്കില്‍ പാര്‍ട്ടി വിജയിക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാന കാരണം യുദ്ധമല്ല, ഇന്ധനവിലയിലെ വര്‍ധനയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനരാരംഭിച്ച കാര്യവും പരാമര്‍ശിച്ചു.അതേസമയം ഇറാന്‍ യുദ്ധത്തിന് പുറമേ പണപ്പെരുപ്പം, അമേരിക്ക ഫസ്റ്റ് നയം, ഇസ്രയേല്‍ ബന്ധം തുടങ്ങിയവയിലാണ് വോട്ടര്‍മാര്‍ക്ക് ആശങ്കയുണ്ടായിരുന്നതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പരാജയത്തോടെ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നസ്വരങ്ങള്‍ ഉയരുകയാണ്.