27, November, 2026
Updated on 27, November, 2026 2
ന്യൂയോര്‍ക്ക്: യുഎസിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും ഭീഷണിയായതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താങ്ക്‌സ്ഗിവിങ് ദിനമായ വ്യാഴാഴ്ചയാണ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിലേക്ക് ശക്തമായി നീങ്ങിയത്. ന്യൂയോര്‍ക്ക് പ്ട്ടണവും ലോങ് ഐലന്‍ഡും ഉള്‍പ്പെടെയുള്ള തെക്കന്‍ ന്യൂയോര്‍ക്കിലെ വിവിധ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ കാത്തി ഹോക്കുളിന്റെ ഓഫീസാണ്ഇക്കാര്യം അറിയിച്ചത്. ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കത്തിനുകാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിങ് പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റുകയും ഫിലാഡല്‍ഫിയയിലെ പരേഡ് ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ടോടെ വെസ്റ്റ് വെര്‍ജീനിയ മുതല്‍ ന്യൂജേഴ്സി വരെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലായി 9.25 ലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. പെന്‍സില്‍വാനിയയില്‍ 2.30 ലക്ഷത്തിലധികം പേര്‍ക്കും മേരിലാന്‍ഡില്‍ 1.60 ലക്ഷത്തിലധികം പേര്‍ക്കും ന്യൂജേഴ്സിയില്‍ 1.40 ലക്ഷത്തോളം പേര്‍ക്കും വിര്‍ജീനിയയില്‍ 1.39 ലക്ഷത്തോളം പേര്‍ക്കും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 74 മൈല്‍ വേഗതയില്‍ വെസ്റ്റ് വെര്‍ജീനിയയിലെ സ്‌നോഷൂവില്‍ കാറ്റ് വീശി. ന്യൂജേഴ്സിയിലെ വിവിധ മേഖലകളിലും മണിക്കൂറില്‍ 58 മുതല്‍ 65 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. റോക്ക്വില്ലില്‍ കാറ്റിനെ തുടര്‍ന്ന് വാണിജ്യ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇവിടെ നിന്നും രണ്ടുപേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.നോര്‍ത്ത് കരോലിനയിലെ എമറാള്‍ഡ് ഐലില്‍ ഒമ്പത് ഇഞ്ചിലധികം മഴ ലഭിച്ചു. വിര്‍ജീനിയ മുതല്‍ ന്യൂയോര്‍ക്ക് വരെ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കും രാത്രി ഒമ്പത് മണിക്കും ഇടയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. വിര്‍ജീനിയ, മേരിലാന്‍ഡ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീഴാനും റോഡ്, വ്യോമ ഗതാഗതം തടസപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന വേലിയേറ്റവും വെള്ളപ്പൊക്കവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ന്യൂജേഴ്സി, ഡെലവെയര്‍, മേരിലാന്‍ഡ് തീരങ്ങളില്‍ ഉയര്‍ന്ന ജലനിരപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.