സി.ഐ.എ. കമ്പ്യൂട്ടർ സംവിധാനത്തിന് നേരെ സൈബർ ആക്രമണം; രഹസ്യവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് അധികൃതർ


25, November, 2026
Updated on 25, November, 2026 11


സി.ഐ.എ. കമ്പ്യൂട്ടർ സംവിധാനത്തിന് നേരെ സൈബർ ആക്രമണം; രഹസ്യവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് അധികൃതർ

​വാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സി.ഐ.എ.) രഹസ്യസ്വഭാവമില്ലാത്ത കമ്പ്യൂട്ടർ സംവിധാനത്തിന് നേരെ സൈബർ ആക്രമണം. ആക്രമണത്തിൽ സംവിധാനം തകരാറിലായെങ്കിലും രഹസ്യവിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും തകരാർ പൂർണ്ണമായും പരിഹരിച്ചതായും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

​ഇന്റർനെറ്റ്, വാണിജ്യ ഉപഗ്രഹങ്ങൾ, സ്വകാര്യ ഡാറ്റാ ശേഖരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുവായി ലഭ്യമാകുന്ന വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന 'ഓപ്പൺ സോഴ്സ് ഇന്റലിജൻസ്' സംവിധാനത്തെയാണ് ആക്രമണം ബാധിച്ചത്. പൊതുവായതോ ഭാഗികമായി പൊതുജനങ്ങൾക്ക് ലഭ്യമായതോ ആയ വിവരങ്ങൾ മാത്രമാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നത്. അതിനാൽ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ഏതൊക്കെ വിവരങ്ങളാണ് ലക്ഷ്യമിട്ടതെന്നോ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച 'ന്യൂയോർക്ക് ടൈംസ്' ആണ് സൈബർ ആക്രമണ വാർത്ത ആദ്യമായി പുറത്തുവിട്ടത്.

​ആശങ്കയുയർത്തി തുടർച്ചയായ സാങ്കേതിക തകരാറുകൾ

അമേരിക്കയിലെ വിവിധ നിർണ്ണായക സംവിധാനങ്ങളിലുണ്ടായ തുടർച്ചയായ സാങ്കേതിക തകരാറുകൾക്കിടെയാണ് സി.ഐ.എ. സംവിധാനത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്ന  ത്.അടിസ്ഥാന സൗകര്യങ്ങൾ, ബാങ്കിങ് മേഖല, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും ഇവയെല്ലാം ഏകോപിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമല്ലെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ വിശദീകരണം. അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ച് ഹാക്കർമാർ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ സംവിധാനങ്ങൾ അതിവേഗം പരിഷ്കരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തിരക്കാണ് തകരാറുകൾക്ക് പ്രധാന കാരണമെന്ന് ദേശീയ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലെയ്റ്റൺ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാൻ ഞായറാഴ്ച വിവിധ ടെലിവിഷൻ ചാനലുകളിലൂടെ അദ്ദേഹം വിശദീകരണം നൽകി.





Feedback and suggestions