25, November, 2026
Updated on 25, November, 2026 11
വാഷിങ്ടൺ: അമേരിക്കൻ ഉത്പാദനമേഖലയ്ക്ക് തിരിച്ചടിയാകുന്ന തരത്തിൽ വിദേശരാജ്യങ്ങൾ വ്യവസായങ്ങൾക്ക് സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുവെന്നാരോപിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ പുതിയ ഇറക്കുമതി തീരുവകൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രമുഖ സമ്പദ്വ്യവസ്ഥകളെയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് യു.എസ്. വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ഈ ആഴ്ച പുറത്തുവിടുമെന്നും പുതിയ തീരുവകൾ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും വാൾ സ്ട്രീറ്റ് ജേണൽ, ബ്ലൂംബെർഗ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വൈറ്റ് ഹൗസോ യു.എസ്. വ്യാപാര പ്രതിനിധിയുടെ ഓഫീസോ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
1974-ലെ യു.എസ്. വ്യാപാര നിയമത്തിലെ 'സെക്ഷൻ 301' പ്രകാരമാണ് ട്രംപ് ഭരണകൂടം നടപടികളിലേക്ക് കടക്കുന്നത്. അന്യായമായ വ്യാപാരരീതികൾ കണ്ടെത്തിയാൽ വിദേശ ഇറക്കുമതികൾക്ക് മേൽ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളുടെ വ്യവസായ സബ്സിഡികളെക്കുറിച്ച് മാർച്ച് 11-ന് അമേരിക്ക അന്വേഷണം ആരംഭിച്ചിരുന്നു. വിദേശ സർക്കാരുകളുടെ സാമ്പത്തിക പിന്തുണ അമിത ഉത്പാദനശേഷിക്ക് കാരണമാകുന്നുവെന്നും ഇതുവഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ആഗോളവിപണിയിലെത്തിച്ച് അമേരിക്കൻ കമ്പനികളെ തകർക്കുന്നുവെന്നുമാണ് യു.എസ്. വ്യാപാര പ്രതിനിധിയുടെ വാദം.
പുതിയ തീരുവകളുടെ നിരക്ക് എത്രയായിരിക്കുമെന്ന് വ്യക്തമല്ല. 2025-ൽ ട്രംപ് പ്രഖ്യാപിച്ചതിന് സമാനമായ നിരക്കുകൾ നടപ്പാക്കാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ, അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം 2025-ൽ ഏർപ്പെടുത്തിയ ആദ്യഘട്ട തീരുവകൾ 2026 ഫെബ്രുവരിയിൽ യു.എസ്. സുപ്രീംകോടതി അസാധുവാക്കിയിരുന്നു.
വിദേശ വിതരണ ശൃംഖലകളിലെ നിർബന്ധിത തൊഴിലാളി സമ്പ്രദായങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയടക്കം 16 സമ്പദ്വ്യവസ്ഥകൾക്കെതിരെ 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്താൻ ജൂലൈയിൽ അമേരിക്ക നീക്കം നടത്തിയിരുന്നു. ഇതിന് പുറമെയായിരിക്കും പുതിയ തീരുവകൾ കൂടി വരികയെന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകൾ മാസങ്ങളായി തുടരുകയാണ്. ഫെബ്രുവരിയിൽ കരാറിന്റെ ചട്ടക്കൂടിന് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയിരുന്നെങ്കിലും, സുപ്രീംകോടതി പഴയ തീരുവകൾ റദ്ദാക്കിയതോടെ ചർച്ചകൾ വീണ്ടും പുനഃപരിശോധനയിലേക്ക് നീങ്ങിയിരുന്നു. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ മത്സരരാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ഉറപ്പാക്കാനാണ് ന്യൂഡൽഹി ശ്രമിക്കുന്നത്. പുതിയ തീരുവ പ്രഖ്യാപനം യാഥാർഥ്യമായാൽ ഉഭയകക്ഷി വ്യാപാര ചർച്ചകളെയും ഇന്ത്യയുടെ കയറ്റുമതി മേഖലയെയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.