കാലിഫോര്‍ണിയ തീരത്ത് കൂറ്റന്‍ തിരമാലകളും വെള്ളപ്പൊക്കവും; ആശങ്കയുടെ മുള്‍മുനയില്‍ തീരമേഖല


27, November, 2026
Updated on 27, November, 2026 2


വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ തീരത്ത് അതിശക്തമായ തിരമാലയും വെള്ളപ്പൊക്കവും. ഇതേ തുടര്‍ന്ന് ഇ മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി വീടുകളില്‍ വെള്ളം കയറുകയും തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള സമുദ്രജലത്തിന്റെ ഉയര്‍ന്ന താപനില ഇത്തവണ വേലിയേറ്റത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍.


നിലവിലെ സാഹചര്യം വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് സാന്‍ മാറ്റിയോ കൗണ്ടി സൂപ്പര്‍വൈസര്‍ റേ മുള്ളര്‍ പറഞ്ഞു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നേരിടാനിരിക്കുന്ന പ്രതിസന്ധികളുടെ മുന്നൊരുക്കമായാണ് ഇപ്പോഴത്തെ വേലിയേറ്റത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 23 മുതല്‍ 25 വരെയും ജനുവരി 21, 22 തീയതികളിലും വീണ്ടും ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്നാണ് പ്രവചനം. ഇത്തവണത്തെ റെക്കോര്‍ഡ് വേലിയേറ്റത്തിന് സമാനമായ സാഹചര്യം അന്നും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.


സാന്‍ഫ്രാന്‍സിസ്‌കോ ബേ മേഖലയില്‍ ചൊവ്വാഴ്ച 8.23 അടിയും ബുധനാഴ്ച 8.21 അടിയും ഉയരത്തില്‍ വേലിയേറ്റമുണ്ടായി. 1982ല്‍ രേഖപ്പെടുത്തിയ 7.97 അടിയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. പസിഫിക്ക നഗരത്തില്‍ ബുധനാഴ്ചയുണ്ടായ കൂറ്റന്‍ തിരമാലകള്‍ നഗരത്തിലെ കടല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ക്കുകയും തീരദേശ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് താങ്ക്‌സ്ഗിവിങ് ദിനത്തിലും ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചത്. സമാനമായ ദുരന്തങ്ങള്‍ തടയാന്‍ പരിമിതമായ മാര്‍ഗങ്ങളേ നിലവിലുള്ളൂവെന്ന് മേയര്‍ ക്രിസ്റ്റീന്‍ ബോള്‍സ് പ്രതികരിച്ചു. അഴുക്കുചാലുകള്‍ വൃത്തിയാക്കുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.


ദക്ഷിണ കാലിഫോര്‍ണിയയിലും വേലിയേറ്റം വലിയ നാശനഷ്ടമാണ് വരുത്തുന്നത്. .സാന്താ ബാര്‍ബറയില്‍ ബുധനാഴ്ച 8.21 അടി ഉയരത്തില്‍ വേലിയേറ്റമുണ്ടായി. ഒക്ടോബറില്‍ രേഖപ്പെടുത്തിയ 8.04 അടിയെന്ന റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ലോസ് ആഞ്ചലസ് തുറമുഖത്ത് ബുധനാഴ്ച 8.19 അടി ഉയരത്തില്‍ വേലിയേറ്റമുണ്ടായി. ഒക്ടോബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്കിനൊപ്പമാണിത്. വരും മാസങ്ങളിലും സമാനമായ പ്രതിഭാസം ആവര്‍ത്തിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ തീരദേശ നഗരങ്ങള്‍ ജാഗ്രതയിലാണ്.




Feedback and suggestions