സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

Zumba controversy Court cancels suspension of TK Ashraf
8, July, 2025
Updated on 8, July, 2025 9

Zumba controversy Court cancels suspension of TK Ashraf

സൂംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകന് നല്‍കിയ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി ഹൈക്കോടതി. സൂംബ വിവാദത്തില്‍ ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയതിന് പിന്നാലെ മാനേജ്‌മെന്റ് തീരുമാനിച്ച അച്ചടക്ക നടപടിയാണ് കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്. ടികെ അഷ്റഫിനെതിരായ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ മറുപടി കേള്‍ക്കണമെന്നും ഹൈക്കോടതി സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. (Zumba controversy Court cancels suspension of TK Ashraf)

വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയാണ് ടികെ അഷ്‌റഫ്. സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയിനാണ് അഷ്‌റഫ് നടത്തിയിരുന്നത്. കൂടാതെ താനും കുടുംബവും സൂംബയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല താന്‍ തന്റെ കുട്ടിയെ സ്‌കൂളില്‍ വിടുന്നത് എന്നുള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റുകള്‍ വ്യാപക ചര്‍ച്ചയായതിന് പിന്നാലെയാണ് അഷ്‌റഫിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.

തനിക്ക് മാനേജ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും എന്നാല്‍ താന്‍ മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ സസ്‌പെന്‍ഷന്‍ നല്‍കിയെന്നുമായിരുന്നു കോടതിയില്‍ അഷ്‌റഫിന്റെ പ്രധാന വാദം. കാരണം കാണിക്കല്‍ നോട്ടീസിന് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നോട്ടീസ് നല്‍കി പിറ്റേന്ന് തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അധ്യാപകന്റെ മറുപടി കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെടുകയും സസ്‌പെന്‍ഷന്‍ റദ്ദാക്കുകയുമായിരുന്നു.


Feedback and suggestions

Related news