17, December, 2025
Updated on 17, December, 2025 12
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് മതസൗഹാർദ്ദത്തിന്റെ ദൃഢമായ ആശയങ്ങളോടെ തലസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 21 മുതൽ 2026 ജനുവരി 1 വരെ 12 ദിവസക്കാലം പാളയം എൽ. എം. എസ്. ക്യാമ്പസിൽ നടക്കുന്ന പീസ് കാർണിവൽ അനന്തപുരിയുടെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങൾക്ക് പുതുമയേകും.
ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 29-ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫെസ്റ്റ് നഗരി സന്ദർശിക്കും. ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിയെ ആദരിക്കും.
സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS, കേരള ടൂറിസം വകുപ്പ്, വിവിധ സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന ക്രിസ്തുമസ് പീസ് കാർണിവൽ ഇത്തവണ ട്രിവാന്‍ഡ്രം ഫെസ്റ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ എക്സിബിഷനുകളും വിനോദ പരിപാടികളും നടക്കും. 120 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ മുഖ്യ ആകര്‍ഷണമാകും. 20 അടി ഉയരമുള്ള സാന്താക്ലോസ്, മെഗാ ഡിജിറ്റൽ നക്ഷത്രങ്ങൾ, ആയിരക്കണക്കിന് അലങ്കാര വിളക്കുകൾ, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്ക്, ബേർഡ്സ് പാർക്ക്, വ്യാപാര സ്റ്റാളുകൾ, ഗെയിമുകൾ എന്നിവ ഫെസ്റ്റില്‍ ഉണ്ടാകും.
ഡിസംബർ 21-ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ CSI സഭ മോഡറേറ്റർ കമ്മിസറി റൈറ്റ്. റവ. തിമോത്തി രവീന്ദർ അധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിന് തിരിതെളിയിക്കും. വിവിധ ആത്മീയ സാമൂഹിക സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ വനിതാ ബീറ്റ് ബോക്സറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്സിംഗ് അവതരിപ്പിക്കും. തുടർന്ന് രാത്രി 8 മുതൽ ഇഷാൻ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡും അരങ്ങേറും.
തുടർ ദിവസങ്ങളിൽ നൃത്തം, സംഗീതം, നാടകം, മാജിക്, കഥാപ്രസംഗം, കാരോൾ ഗാനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വരുംദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ അവതരിപ്പിക്കപ്പെടുന്ന മെഗാപരിപാടികളില്‍ സ്റ്റീഫൻ ദേവസി, എം.ജി. ശ്രീകുമാർ, മജീഷ്യന്‍ സാമ്രാജ്, മോളി കണ്ണമ്മാലി, തുടങ്ങിയ പ്രമുഖ കലാകാരന്മാർ വേദിയിലെത്തും.
എല്ലാ ദിവസവും വൈകിട്ട് 3 മണി മുതലാണ് എക്സിബിഷനുകളിലേക്കുളള പ്രവേശനം അനുവദിക്കുക. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.
LMS ഡയോസിസ് ഓഫീസ് (പാളയം), ബിലീവേഴ്സ് ഡയോസിസൻ ഓഫീസ് (കവടിയാർ), മിഖായേൽ കോർപറേറ്റ് ഓഫീസ് (ജഗതി), പ്രൈം ബിൽഡേഴ്സ് (ഉള്ളൂർ), ശാന്തിഗിരി ആശ്രമം (പോത്തൻകോട്) എന്നിവിടങ്ങളിൽ നിന്ന് മുൻകൂട്ടി പാസ്സുകള്‍ ലഭിക്കും.
തിരുവനന്തപുരം പാളയം എല്‍.എം.എസ്. കോമ്പൌണ്ടിലെ വിമണ്‍ സെന്ററില്‍ നടന്ന വാർത്താസമ്മേളനത്തിൽ ഫെസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോർജ് സെബാസ്റ്റ്യൻ, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ജെ. ജയരാജ്, ബേബി മാത്യു സോമതീരം,സാജന്‍ വേളുര്‍, അഡ്വ. ബിജു ഇമ്മാനുവല്‍, റവ. അനൂപ് എ. ജോസഫ് എന്നിവർ പരിപാടികള്‍ വിശദീകരിച്ചു.