18, December, 2025
Updated on 18, December, 2025 13
കേരളത്തിലെ സി. പി. എം ൽ ഇരുപതു വർഷത്തിനു ശേഷം തിരുവായ്ക്ക് എതിർ വായ് ഉണ്ടാവുകയാണ്.ഗവർണറുമായുള്ള ഒത്തുതീർപ്പ്, പി.എം. ശ്രീ പദ്ധതിയിലെ കേന്ദ്ര സർക്കാരുമായുള്ള രഹസ്യധാരണ എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചിലർ എതിർത്തത് ഇതിൻ്റെ സൂചനയാണ്.തുടർഭരണത്തിനു ശേഷം മുഖ്യമന്ത്രി സ്വീകരിച്ച ഏകാധിപത്യ സമീപനങ്ങളിൽ പുകഞ്ഞുകൊണ്ടിരുന്ന സി. പി. എം ലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. സി. പി. എം ദേശീയ സെക്രട്ടറി എം.എ. ബേബി, സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, ചില പ്രമുഖ മന്ത്രിമാർ എന്നിവർ സമീപകാലത്ത് മുഖ്യമന്ത്രിയുമായി അകൽച്ചയിലാണ്. ആസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഗോവിന്ദൻ മുഖ്യമന്ത്രിയെ ഭംഗ്യന്തരേണ തള്ളി പറയുകയും ചെയ്തിരുന്നു. പിണറായിയെ എക്കാലവും പിന്തുണച്ചിരുന്ന കണ്ണൂർ ലോബി മൂന്നായി തിരിഞ്ഞിരിക്കുകയാണ്.മേയ് മാസത്തോടെ ഭരണത്തിലും സംഘടനയിലും പിണറായിയുടെ ആധിപത്യം അവസാനിക്കുമെന്ന് അറിയാവുന്നവരാണ് അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. 2005 ലെ മലപ്പുറം സമ്മേളനത്തിനു ശേഷം വി.എസ്. പക്ഷത്തുനിന്നും പിണറായി പക്ഷത്തേക്ക് വന്നവരാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ ശത്രുക്കൾ. മുഖ്യമന്ത്രിയെ ഇരട്ട ചങ്കൻ, കാരണഭൂതൻ, ക്യാപ്റ്റൻ, കത്തുന്ന സൂര്യൻ, നാടിൻ്റെ വരദാനം എന്നൊക്കെ വിശേഷിപ്പിച്ച സ്തുതിപാഠകരാണ് അദ്ദേഹത്തെ ഏകാധിപതിയാക്കിയത്. ഇവരിൽ പലരുമാണ് ഇപ്പോൾ പിണറായിക്കെതിരെ ശാക്തിക ചേരിയുണ്ടാക്കാൻ ശ്രമിക്കുന്നത്. അധികാരം നഷ്ടപ്പെട്ടപ്പോൾ ഇ.എം.എസ്., വി.എസ് അച്യുതാനന്ദൻ എന്നിവരെ തള്ളിപ്പറഞ്ഞ സി. പി. എം ചരിത്രമാണ് പിണറായിയുടെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നത്.