വി ബി ജി റാം ജി തൊഴിലുറപ്പ് ബില്‍ ലോക്‌സഭ പാസ്സാക്കി


18, December, 2025
Updated on 18, December, 2025 16


കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വി ബി ജി റാം ജി )ബില്‍ ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

ലോക്‌സഭയില്‍ ബില്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.

മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎന്‍ആര്‍ഇജിഎ) വ്യവസ്ഥകളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇത് പുതിയ പദ്ധതിയാണ്. പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മറുപടി നല്‍കിയത്. മഹാത്മാഗാന്ധിയുടെ പേര് എന്‍ആര്‍ഇജിഎയില്‍ ചേര്‍ത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് കുറ്റപ്പെടുത്തി. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ഇന്നലെ ലോക്സഭയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ചര്‍ച്ച അര്‍ധരാത്രി വരെ നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.




Feedback and suggestions