ഇന്ത്യ-അമേരിക്കൻ കരാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിയിടും; കേന്ദ്രത്തിനെതിരെ എ.എ റഹീമും ജോൺ ബ്രിട്ടാസും


4, February, 2026
Updated on 4, February, 2026 17


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നതാണെന്നും എ.എ റഹീം എം.പി ആരോപിച്ചു. കരാറിലെ വ്യവസ്ഥകളെക്കുറിച്ച് ഇന്ത്യൻ ജനപ്രതിനിധികൾക്ക് നൽകുന്നതിനേക്കാൾ വ്യക്തത അമേരിക്കൻ ഭരണാധികാരികൾക്ക് ലഭിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി നൽകി ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ വിലയുള്ള അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതോടെ ആഭ്യന്തര കർഷകർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർലമെന്റിലെ എം.പിമാരുടെ സസ്‌പെൻഷൻ ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വിഷയത്തിൽ രാജ്യസഭയിൽ ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി നോട്ടീസ് നൽകി. കരാറിന്റെ പൂർണ്ണരൂപം പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് രാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പകരം അമേരിക്കൻ പ്രസിഡന്റാണോ ഇന്ത്യയുടെ നയങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നതടക്കമുള്ള നിർണായക തീരുമാനങ്ങൾ രാജ്യത്തിന്റെ വിദേശനയത്തെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും കരാറിൽ സുതാര്യത ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.




Feedback and suggestions