8, March, 2026
Updated on 8, March, 2026 7
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചില്ലറ വിൽപന വില ഉയർത്താതെ സാഹചര്യം നേരിടുമെന്നും ദേശീയ താൽപ്പര്യം മുൻനിർത്തി കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുന്ന വിപണികളെ ആശ്രയിക്കുമെന്നും സർക്കാർ അറിയിച്ചു.ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി (LNG) വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നായിരുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് റഷ്യൻ ഇറക്കുമതിയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള പ്രതിസന്ധികൾക്കിടയിലും കുറഞ്ഞ നിരക്കിൽ ഇന്ധനം എത്തിച്ച് ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.സൗദി അറേബ്യയിലെ യൻബു തുറമുഖത്ത് നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എവിടെനിന്ന് ഇന്ധനം ലഭ്യമായാലും അത് ശേഖരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് സാധാരണക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ ഈ പ്രഖ്യാപനം വരുന്നത്.