ഹോർമുസ് കടലിടുക്കിലെ പുക; ഇന്ത്യൻ അടുക്കളകളിൽ കരിയുന്ന പാചകവാതക സ്വപ്നങ്ങൾ


14, March, 2026
Updated on 14, March, 2026 5


മിഡിൽ ഈസ്റ്റിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ അതിന്റെ പ്രകമ്പനം ദൂരെയുള്ള ഇന്ത്യൻ അടുക്കളകളിലും പ്രതിഫലിക്കുകയാണ്. ലോകത്തിന്റെ ‘ഊർജ്ജ കവാടം’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന ശക്തമായ വെല്ലുവിളികളും അമേരിക്ക-ഇസ്രയേൽ സഖ്യത്തിന്റെ നീക്കങ്ങളും ആഗോള ഇന്ധന വിപണിയെ മുൾമുനയിൽ നിർത്തുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഷിപ്പിംഗ് പാതകളിലൊന്ന് സ്തംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം താളംതെറ്റിയിരിക്കുകയാണ്.


പേർഷ്യൻ ഗൾഫിലെ ഈ ഇടുങ്ങിയ പാതയിലൂടെയാണ് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 80-90 ശതമാനവും കടന്നുവരുന്നത്. ഇറാനെതിരായ നീക്കങ്ങൾക്ക് ഇറാൻ നൽകുന്ന തിരിച്ചടി ഈ പാതയെ അപകടത്തിലാക്കി. തൽഫലമായി, പെട്രോൾ പമ്പുകളേക്കാൾ മുൻപേ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടയുന്നത് ഇന്ത്യയുടെ പാചകവാതക സുരക്ഷയെ നേരിട്ട് ബാധിക്കുമെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു.


പെട്രോളിനേക്കാളും ഡീസലിനേക്കാളും എൽപിജി വിതരണം പെട്ടെന്ന് തകരാൻ കാരണം ഇന്ത്യയുടെ ഇറക്കുമതി നയമാണ്. ഇന്ത്യ പ്രതിവർഷം ഉപയോഗിക്കുന്ന 31 ദശലക്ഷം ടൺ എൽപിജിയുടെ പകുതിയിലധികവും സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടക്കാതെ ഇന്ത്യയിലെത്താൻ കഴിയില്ല. എന്നാൽ പെട്രോളിന് ആവശ്യമായ ക്രൂഡ് ഓയിൽ ഇന്ത്യ 40-ലധികം രാജ്യങ്ങളിൽ നിന്ന് വൈവിധ്യപൂർണ്ണമായി ഇറക്കുമതി ചെയ്യുന്നുണ്ട്.റഷ്യയുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന എണ്ണ വ്യാപാരം പെട്രോൾ, ഡീസൽ വിപണിക്ക് ഒരു കവചമായി മാറുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനവും ഇപ്പോൾ ഹോർമുസ് കടലിടുക്കിന് പുറത്തുള്ള പാതകളിലൂടെയാണ് വരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിന് തടസ്സമില്ലാത്തതിനാൽ ശുദ്ധീകരണശാലകൾക്ക് പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കാൻ കഴിയുന്നു. ഇതാണ് റോഡുകളിലെ വാഹനങ്ങൾ ഓടുമ്പോഴും അടുക്കളകൾ പട്ടിണിയിലാകുന്നതിന്റെ പ്രധാന കാരണം.




Feedback and suggestions