22, March, 2026
Updated on 22, March, 2026 5
തിങ്കളാഴ്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്ര സർക്കാർ എടുത്തുമാറ്റുന്നതോടെ വിമാനയാത്രയ്ക്ക് ചെലവേറും. ഇതോടെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമായി നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം ലഭിക്കും. നേരത്തെ ഇൻഡിഗോ സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് നിരക്കുകൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, 2025 ഡിസംബറിലാണ് കേന്ദ്രം നിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ ഈ സുരക്ഷാ പരിധി ഇല്ലാതാകും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധനമായ എ.ടി.എഫിന് വില വർധിച്ചതും പ്രവർത്തനച്ചെലവ് ഉയർന്നതും വിമാനക്കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിരക്ക് നിയന്ത്രണം തുടരുന്നത് വൻ നഷ്ടത്തിന് കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് ദൂരമനുസരിച്ച് നിശ്ചയിച്ചിരുന്ന 18,000 രൂപ എന്ന ഉയർന്ന പരിധി നീങ്ങുന്നതോടെ, തിരക്കുള്ള സമയങ്ങളിലും അവധി ദിനങ്ങളിലും നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
അതേസമയം, അടിയന്തര സാഹചര്യങ്ങൾ മുതലെടുത്ത് കമ്പനികൾ അന്യായമായ നിരക്ക് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിപണിയിലെ മത്സരവും ഇന്ധനവിലയും വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളെ സ്വാധീനിക്കും. ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയും ഏവിയേഷൻ മേഖലയെ ബാധിക്കുന്ന വാർത്തകൾക്കിടയിലാണ് ഈ സുപ്രധാന നീക്കം.