ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് റെയില്‍വേ


24, March, 2026
Updated on 24, March, 2026 7


ചെന്നൈ: ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.


ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.




Feedback and suggestions