25, March, 2026
Updated on 25, March, 2026 5
രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 35 ദിവസമായി ഉയർത്തിയെന്ന വാർത്തകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിഷേധിച്ചു. നിലവിൽ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമാണ് രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള. ഈ ക്രമീകരണത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് പാചകവാതക ശേഖരം ഉണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായാണ് രണ്ട് സിലിണ്ടറുകൾക്കിടയിലുള്ള ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി നിശ്ചയിച്ചിരുന്നത്. ഗാർഹിക ആവശ്യങ്ങൾക്കായി കൂടുതൽ എൽപിജി ഉൽപ്പാദിപ്പിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ ഈ സമയപരിധി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകി.നിലവിലെ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോയുടെ സിലിണ്ടറുകൾ വിതരണം ചെയ്യാനുള്ള നീക്കവും എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. പ്ലാന്റുകളിൽ നിന്നുള്ള 14.2 കിലോ സിലിണ്ടറുകളുടെ വിതരണം ഭാഗികമായി നിയന്ത്രിക്കുകയും നിലവിലുള്ള സ്റ്റോക്ക് തീർക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് 10 കിലോ സിലിണ്ടറുകൾ ലഭിക്കാനാണ് സാധ്യത. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കാനുമാണ് ഈ നീക്കങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.