27, March, 2026
Updated on 27, March, 2026 2
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരുടെ അന്തിമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രമുഖ മുന്നണികളും സ്വതന്ത്രരും പ്രചാരണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ്; രണ്ടിടത്തും 11 പേർ വീതമുണ്ട്. എന്നാൽ, മാനന്തവാടിയിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ മാത്രമാണ് മത്സരത്തിലുള്ളത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേർ ഉണ്ടായിരുന്ന സ്ഥാനാർഥി പട്ടികയിൽ നിന്ന്, പത്രിക പിൻവലിച്ചതോടെയാണ് എണ്ണം 890 ആയി കുറഞ്ഞത്. ഡമ്മി സ്ഥാനാർഥികളും ചില സ്വതന്ത്രരും പത്രിക പിൻവലിച്ചവരിൽ ഉൾപ്പെടുന്നു.
അന്തിമ സ്ഥാനാർഥി പട്ടിക ആയതോടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിക്കുന്നതിലേക്ക് കടന്നു. ഇതിൽ ആർഎംപി സ്ഥാനാർഥി കെ.കെ രമയ്ക്ക് മുമ്പ് മത്സരിച്ചിരുന്ന ഫുട്‌ബോൾ ചിഹ്നം അനുവദിച്ചില്ല. പകരം ടെലിവിഷനാണ് അനുവദിച്ചത്. ഇതിൽ ആർഎംപി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രമയുടെ പേരിൽ ഫുട്‌ബോൾ ചിഹ്നത്തിൽ വോട്ട് അഭ്യർഥിക്കുന്ന പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇനി അത് മാറ്റി പുതിയത് വയ്‌ക്കേണ്ടിവരും.
അതേപോലെ മന്ത്രി എ.കെ ശശീന്ദ്രന് എൻസിപിയുടെ ക്ലോക്ക് ചിഹ്നം ഇത്തവണ ഇല്ല. ശശന്ദ്രന്റെ എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. എ.കെ ശശീന്ദ്രന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും ഔദ്യോഗിക എൻസിപിയായി അംഗീകരിച്ച അജിത് പവാർ പക്ഷത്തിനാണ് നൽകിയിരുന്നത്. അജിത് പവാറിന്റെ പക്ഷത്തുള്ള പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം.
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. തൃണമൂൽ പാർട്ടിയിലാണെങ്കിലും തൃണമൂലിന്റെ ചിഹ്നം അൻവറിന് അനുവദിച്ചില്ല. അതുപോലെ അമ്പലപ്പുഴയിലെ സ്ഥാനാർഥി ജി. സുധാകരന് തെങ്ങിൻ തോപ്പാണ് ചിഹ്നമായി അനുവദിച്ചത്. തിരുവനന്തപുരത്തെ സിഎംപി സ്ഥാനാർഥി സിപി ജോണിന് കപ്പൽ ചിഹ്നമാണ് അനുവദിച്ചത്. എൽഡിഎഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നം നൽകി.