വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്


24, September, 2026
Updated on 24, September, 2026 10


തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. വരുന്ന ഒക്ടോബർ മാസം മുതൽ സാധ്യമായ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും ദീർഘകാല കരാറുകളിലേക്ക് കടക്കുന്നതിനും ഉള്ള മാർഗങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.സെപ്റ്റംബർ മാസത്തിലെ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിത അനുമതി നൽകിയിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂറുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നത് നിലവിലെ പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.പ്രതിസന്ധി മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണം നടത്താൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. കാര്യങ്ങൾ ഉടൻ കൺട്രോൾ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകുന്നതിൽ കടുത്ത ക്ഷാമമുണ്ടെന്നും രാജ്യത്തുടനീളം സാമഗ്രികളുടെ പ്രതിസന്ധിയുണ്ടെന്നുമാണ് അധികൃതരുടെ നിലപാട്. ഈ പശ്ചാത്തലത്തിൽ ദീർഘകാല വൈദ്യുതി കരാറുകളിൽ തീരുമാനമെടുക്കുന്നത് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങൾ ഇന്നത്തെ യോഗത്തിന് ശേഷം ഉണ്ടായേക്കുമെന്നാണ് വിവരം.ഡൽഹി, ഉത്തർപ്രദേശം, ഒഡീഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി കെഎസ്ഇബി ഡയറക്ടർമാർ നടത്തിയ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ വരെ അവർക്ക് പഞ്ചാബുമായി കരാറുണ്ട്. അതിന് ശേഷം കേരളത്തിന് വൈദ്യുതി നൽകുന്നത് പരിഗണിക്കുമെന്നാണ് പറഞ്ഞത്.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പരിഹാര നിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം തയ്യാറാക്കിയിരുന്നു. ആണവനിലയ സാധ്യതയും, പുതിയ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങളും, അടുത്ത പത്ത് വർഷത്തെ വൈദ്യുതി ലഭ്യത, സോളർ വഴിയുള്ള സ്വയം പര്യാപ്ത തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പുതിയ വിഭവങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്നതാണ് ഈ റിപ്പോർട്ട്. ആണവോർജ്ജ സാധ്യതകൾ പഠിക്കുന്നതിനൊപ്പം പുതിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ നടപ്പിലാക്കാനും നിർദേശമുണ്ട്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.








































Feedback and suggestions