22, September, 2026
Updated on 22, September, 2026 9
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതികൾക്ക് തുടക്കമാകുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ്, പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.വൈകീട്ട് 7.30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. പുതിയ സോഫ്റ്റ്‌വെയർ നിലവിൽവരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനാകും.ലക്ഷദ്വീപ് ആദ്യയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിർവഹിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ അറിയിച്ചു.