29, April, 2026
Updated on 29, April, 2026 1
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നിയോഗിക്കാൻ ഹൈക്കമാൻഡ് തലത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മറികടക്കാനും ദേശീയ തലത്തിലുള്ള കെസി വേണുഗോപാലിന്റെ സ്വാധീനം ഭരണത്തിൽ പ്രയോജനപ്പെടുത്താനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും സംഘടനാരംഗത്തെ പ്രവർത്തന പരിചയവുമാണ് കെ.സി. വേണുഗോപാലിന് മുൻഗണന നൽകാൻ കാരണമായി പറയുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഒരു പൊതുസമ്മതൻ എന്ന നിലയിലാണ് ഹൈക്കമാൻഡ് അദ്ദേഹത്തെ കാണുന്നത്. എ, ഐ ഗ്രൂപ്പുകൾക്കിടയിലുള്ള മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിന് കെ.സി.യുടെ വരവ് തടയിടുമെന്ന് ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നു.
നിലവിൽ രാജ്യസഭാ അംഗവും പാർട്ടിയിലെ നിർണ്ണായക വ്യക്തിത്വവുമായ കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് നേരത്തെയും സൂചനകളുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേരിട്ട് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെക്കുന്നത് തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ്. രമേശ് ചെന്നിത്തലക്കും, വി ഡി സതീശനും എല്ലാം അനുകൂലമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നതും അണികൾ ചേരി തിരിഞ്ഞ് പോർവിളികൾ നടത്തിയതും അടുത്തിടെ വലിയ വാർത്തയായിരുന്നു.