25, May, 2026
Updated on 25, May, 2026 28
തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. ജൂൺ 15 മുതൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ബുധനാഴ്ച ബക്രീദ് അവധിയായതിനാലാണ് മന്ത്രിസഭായോഗം ഇന്നു ചേരുന്നത്.വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ മന്ത്രിമാർക്ക് അതൃപ്തിയുണ്ട്. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ യോഗത്തിൽ അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്. റവന്യൂ മന്ത്രി അറിയാതെയാണ് കലക്ടർമാരെ മാറ്റിയതെന്നും വ്യവസായ സെക്രട്ടറിയുടെ നിയമനം വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിഞ്ഞില്ലെന്നുമാണ് ആക്ഷേപം. കലക്ടർമാരുടെ നിയമനത്തിലും ചില മന്ത്രിമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്.മലബാർ മേഖലയിൽ ഹയർസെക്കൻഡറി ബാച്ചും സീറ്റുകളും അനുവദിക്കുന്ന കാര്യവും മന്ത്രിസഭയിൽ ചർച്ചയാകും. 29-ന് നിയമസഭയിൽ ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തിന്റെ കരടും കാബിനറ്റ് അംഗീകരിക്കും. ഇന്നു വൈകീട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിക്കു പോകും. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. പി എം ശ്രീയും മറ്റു വികസനകാര്യങ്ങളും ചർച്ചയായേക്കും. കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി സന്ദർശിച്ചേക്കും.