1, July, 2026
Updated on 1, July, 2026 4
ചൈനയോടും ഇന്ത്യയോടും അമേരിക്ക പുലർത്തുന്ന വിശ്വാസ്യതയിലെ വലിയ വ്യത്യാസം സ്വന്തം സ്മാർട്ട്‌ഫോൺ ഉദാഹരണമാക്കി തുറന്നുപറഞ്ഞ് പ്രമുഖ യുഎസ് സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (USISPF) ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവായ സ്റ്റീവ് ഡെയ്ൻസ് ഇന്ത്യയെ അമേരിക്കയുടെ 'ഏറ്റവും വിശ്വസ്തനായ പങ്കാളിയും സുഹൃത്തും' എന്ന് വിശേഷിപ്പിച്ചത്. "ഞാൻ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ എന്റെ മൊബൈൽ ഫോൺ ബെയ്ജിംഗിലേക്ക് കൂടെ കൊണ്ടുപോകാറില്ല. അത് വാഷിംഗ്ടണിൽ തന്നെ വെക്കും. എന്നാൽ ഞാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ഈ ഫോൺ എന്റെ കൈയ്യിൽ കാണും. അതാണ് ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തും സഖ്യകക്ഷിയും തമ്മിലുള്ള വ്യത്യാസം. ചൈനയിൽ എനിക്ക് അതിനുള്ള ധൈര്യമില്ല"— സെനറ്റർ പറഞ്ഞു. ആഗോളതലത്തിൽ ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ തന്ത്രപരമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചൈനയുമായുള്ള ബന്ധം അമേരിക്കയ്ക്ക് പൂർണ്ണമായി ഉപേക്ഷിക്കാൻ കഴിയില്ലെന്നും എന്നാൽ ചൈനീസ് വിപണിയിലെയും സാങ്കേതികവിദ്യയിലെയും അപകടസാധ്യതകൾ കുറച്ചുകൊണ്ടുള്ള 'ഡി-റിസ്കിംഗ്' (De-risking) നയമാണ് യുഎസ് പിന്തുടരേണ്ടതെന്നും സ്റ്റീവ് ഡെയ്ൻസ് ഓർമ്മിപ്പിച്ചു. ചൈനയുടെ സാങ്കേതിക മുന്നേറ്റങ്ങളെയും ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെയും ആഗോളതലത്തിൽ വെല്ലുവിളിക്കാൻ ശേഷിയുള്ള ഒരേയൊരു കൂട്ടുകെട്ട് ഇന്ത്യയും അമേരിക്കയും ഒന്നിച്ചുനിൽക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന പ്രതിവർഷം 35 ലക്ഷത്തോളം സയൻസ്-ടെക്നോളജി ബിരുദധാരികളെ സൃഷ്ടിക്കുമ്പോൾ, ഇന്ത്യ 20 മുതൽ 25 ലക്ഷം വരെയും അമേരിക്ക 10 ലക്ഷത്തോളം സ്റ്റെം (STEM) ബിരുദധാരികളെയും പുറത്തിറക്കുന്നുണ്ട്. ഈ രണ്ട് വൻശക്തികളുടെയും പ്രതിഭകളെ ഒന്നിപ്പിച്ചാൽ മാത്രമേ ചൈനയ്ക്ക് കൃത്യമായ ബദൽ സൃഷ്ടിക്കാൻ സാധിക്കൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.