30, June, 2026
Updated on 30, June, 2026 3
പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ആളിപ്പടരുന്നു. റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ പാക് അധീന കശ്മീർ "പാകിസ്ഥാന്റെ ഭാഗമല്ലെന്ന്" പരസ്യമായി പ്രഖ്യാപിച്ചു. തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഉപരോധങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയോട് കൂറുപുലർത്താൻ മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും പ്രതിഷേധക്കാർ ഇസ്ലാമാബാദിന് നൽകിയിട്ടുണ്ട്.മനുഷ്യാവകാശ പ്രവർത്തകൻ സർദാർ അമൻ ഖാന്റെ നേതൃത്വത്തിൽ പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വൻ രാഷ്ട്രീയ പ്രതിസന്ധിക്കാണ് പാകിസ്ഥാനിൽ വഴിതുറന്നിരിക്കുന്നത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങളും റേഷനും എത്തിക്കുന്നത് തടഞ്ഞുകൊണ്ട് പാക് അധികൃതർ രണ്ടാഴ്ചക്കാലമായി ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധമാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്. പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സർദാർ അമൻ ഖാൻ പാക് ഭരണകൂടത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി: "പാക് അധീന കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ല. ഞങ്ങൾക്ക് പാകിസ്ഥാന്റെ ആവശ്യമില്ല, മറിച്ച് പാകിസ്ഥാനാണ് ഞങ്ങളെക്കൊണ്ട് കടുത്ത ആവശ്യമുള്ളത്. ജനങ്ങളെ പട്ടിണിക്കിട്ടാണ് ഈ പോക്കെങ്കിൽ നിയന്ത്രണരേഖയിലെ ബാക്കി അതിർത്തികൾ കൂടി തുറക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഞങ്ങളോട് കൂടെ നിൽക്കാൻ പാകിസ്ഥാന് യാചിക്കേണ്ടി വരും" - അമൻ ഖാൻ പ്രഖ്യാപിച്ചു.റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് മൂന്ന് ആഴ്ചയിലേറെയായി ജനങ്ങൾ രാപ്പകലില്ലാതെ അഹോരാത്ര ധർണ്ണയിലാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി പാക് സൈന്യം നടത്തുന്ന അടിച്ചമർത്തലുകൾ, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഭരണകൂടത്തിന്റെ അവഗണന എന്നിവയ്ക്കെതിരെ 38 ഇന ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ പ്രതിഷേധക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.