30, June, 2026
Updated on 30, June, 2026 5
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ച് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലോടെ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍. തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നാളെ ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടക്കുമെന്നും ട്രംപ് കുറിച്ചു. എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദം തള്ളി ഇറാന്‍ ഉടന്‍ തന്നെ രംഗത്തെത്തി. ദോഹയിലേക്കുള്ള യുഎസ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് അവിടെയെത്തുന്ന ഇറാന്‍ പ്രതിനിധി സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. അന്തിമ കരാറിനായുള്ള ചര്‍ച്ചകളുടെ ഘട്ടത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നിട്ടില്ലെന്നും, വരും ദിവസങ്ങളില്‍ ഒരു തലത്തിലും യുഎസ് പക്ഷവുമായി ചര്‍ച്ചകള്‍ നടത്തില്ലെന്നും ഇറാന്‍ കര്‍ശന നിലപാടിലാണ്.
കഴിഞ്ഞ ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഒരു ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രണമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന് മറുപടിയായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍, ഡ്രോണ്‍ സംഭരണശാലകള്‍ എന്നിവയ്ക്ക് നേരെ ശക്തമായ തിരിച്ചടി നല്‍കി. തൊട്ടുപിന്നാലെ, ഞായറാഴ്ച കുവൈറ്റിലെയും ബഹ്റൈനിലെയും എട്ട് യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സംയുക്ത മിസൈല്‍-ഡ്രോണ്‍ ആക്രമണവും നടത്തി. ഇരുപക്ഷവും ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ മേഖലയിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടാണ്. സുപ്രധാനമായ ഒമാനി തെക്കന്‍ ഇടനാഴി വഴിയുള്ള കപ്പല്‍ച്ചാലുകള്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയാണ്. ഇറാന്റെ അനുമതിയുള്ള വടക്കന്‍ ഇടനാഴി വഴി മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും ഗതാഗതം നടക്കുന്നത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ തങ്ങളുടെ അനുമതി വാങ്ങണമെന്ന് ഇറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ടോള്‍ ഈടാക്കില്ലെന്നും എന്നാല്‍ സുരക്ഷാ സേവനങ്ങള്‍ക്കായി പ്രത്യേക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച നടത്തുകയാണെന്നും ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ ബുസൈദി വ്യക്തമാക്കി.
സംഘര്‍ഷം കടുത്തതോടെ സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ യുഎസ് തങ്ങളുടെ വ്യോമാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ദോഹയിലേക്ക് തിരിക്കുന്നത്. ഇറാന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ പുതിയ ഉയര്‍ന്നതലത്തിലുള്ള ബന്ധങ്ങളാണ് വന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതെ തടഞ്ഞതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അവകാശപ്പെട്ടു. അതേസമയം, ഖത്തര്‍ തങ്ങളുടെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 6 ബില്യണ്‍ ഡോളര്‍ വിട്ടയക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രസ്താവിച്ചു. ആകെ മരവിപ്പിക്കപ്പെട്ട 12 ബില്യണ്‍ ഡോളറിലെ പകുതി തുകയാണിത്. പുതിയ ആണവ കരാര്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ പണം വിട്ടുനല്‍കേണ്ടതെന്ന് യുഎസ്-ഇറാന്‍ പ്രാഥമിക കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും, തുക ഇതുവരെ വിട്ടുകൊടുത്തിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിലപാട്.
മറ്റൊരു പ്രധാന സംഭവവികാസത്തില്‍, ഇസ്രയേലുമായി ഒപ്പുവെച്ച പുതിയ കരാറിന്റെ ഭാഗമായി ലബനന്‍ തങ്ങളുടെ സൈന്യത്തെ തെക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പ്രഖ്യാപിച്ചു. തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിന് മുന്നോടിയായി, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സായുധ സംഘത്തെ നിരായുധീകരിക്കണം എന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ഹിസ്ബുള്ളയെ പൂര്‍ണ്ണമായി നിരായുധീകരിക്കാതെ തെക്കന്‍ ലബനനില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ലബനന്‍ സൈന്യത്തിന് ചുമതല കൈമാറി മാറാന്‍ ഇസ്രായേല്‍ തയ്യാറാണെങ്കിലും ലബനന്‍, സിറിയ, ഗാസ എന്നീ മൂന്ന് സുരക്ഷാ മേഖലകളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറില്ലെന്ന നിലപാടിന് യുഎസ് സെന്റകോം മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ഇസ്രയേലുമായുള്ള ഈ സമാധാന കരാര്‍ പ്രായോഗികമായി പരാജയപ്പെട്ടതായി ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് മഹ്‌മൂദ് ഖമാതി പ്രതികരിച്ചു. തങ്ങളുടെ ആയുധങ്ങള്‍ കൈവിടില്ലെന്നും, ഇസ്രയേലിനെ ലബനന്‍ മണ്ണില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്ലാമാബാദ്, സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചകളിലൂടെയും ഇറാന്റെ രാഷ്ട്രീയ സ്വാധീനത്തിലൂടെയും മുന്നോട്ട് പോകുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.