ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും


2, July, 2026
Updated on 2, July, 2026 6


ന്യൂഡൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള 16-ാമത് വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള സനേ തകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച വൈകുന്നേരമാണ് ജപ്പാൻ പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവരെ സ്വീകരിച്ചു. ഇന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രിയും തമ്മിൽ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള 'പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തം' കൂടുതൽ ശക്തമാക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം. ജപ്പാന്റെ പുതിയ പ്രതിരോധ നയങ്ങൾ പ്രകാരം ഇന്ത്യയുമായി ചേർന്ന് മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവയിലും സഹകരണം ഉറപ്പാക്കും. കൂടാതെ, ചൈനയുടെ വിപുലീകരണ നയങ്ങൾക്കെതിരെ ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങും. ജപ്പാന്റെ പരിഷ്കരിച്ച 'ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക്' നയം തകൈച്ചി ഉച്ചകോടിയിൽ വിശദീകരിക്കും.ജപ്പാന്റെ മുൻ പ്രധാനമന്ത്രി അന്തരിച്ച ഷിൻസോ ആബെയുടെ അടുത്ത അനുയായിയാണ് സനേ തകൈച്ചി. ഷിൻസോ ആബെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉണ്ടായിരുന്ന ശക്തമായ സൗഹൃദവും ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അടിത്തറയും അതേപടി മുന്നോട്ട് കൊണ്ടുപോകാൻ തകൈച്ചിയുടെ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
















Feedback and suggestions