2, July, 2026
Updated on 2, July, 2026 5
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത സൈനിക മുന്നറിയിപ്പുമായി ഇറാൻ. ഖമേനിയുടെ വിലാപയാത്ര നടക്കുന്ന ദിവസങ്ങളിൽ ഇറാനെതിരെ യാതൊരുവിധ സൈനിക നീക്കങ്ങൾക്കും മുതിരരുതെന്നും, അങ്ങനെയുണ്ടായാൽ ശത്രുക്കൾക്ക് ഓർക്കാപ്പുറത്തുള്ള ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാർ വ്യക്തമാക്കി. ഇറാന്റെ സായുധ സേനയുടെ തന്ത്രപ്രധാനമായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ കമാൻഡർ അലി അബ്ദുള്ളാഹിയാണ് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.ഇറാന്റെ ശത്രുക്കൾ, പ്രത്യേകിച്ച് അമേരിക്കയും സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേലും യാതൊരുവിധ തെറ്റായ കണക്കുകൂട്ടലുകൾക്കും മുതിരരുത്. ഞങ്ങളുടെ രാജ്യത്തിനെതിരെയുള്ള ഏതൊരു ഭീഷണിക്കും അക്രമത്തിനും സൈന്യം നൽകാൻ പോകുന്ന അതിരൂക്ഷമായ തിരിച്ചടിയെക്കുറിച്ച് അവർ ചിന്തിക്കുന്നത് നന്നായിരിക്കും," എന്ന് അലി അബ്ദുള്ളാഹി അറിയിച്ചു. തൊട്ടുപിന്നാലെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തി. പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയെ വധിക്കാൻ ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടെന്ന പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക തങ്ങളുടെ വളർത്തുനായ്ക്കളെ ചങ്ങലയ്ക്കിടണമെന്നും അല്ലാത്തപക്ഷം ഇറാൻ അവരെ പാഠം പഠിപ്പിക്കുമെന്നും അരാഗ്ചി എക്സിൽ കുറിച്ചു. ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും വിവിധ ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ നഗരങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 4ന് തലസ്ഥാനമായ ടെഹ്‌റാനിൽ വിലാപയാത്രകൾക്ക് തുടക്കമാകും. ലക്ഷക്കണക്കിന് ജനങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ജൂലൈ 9ന് ആണ് ഖമേനിയുടെ ജന്മനാടായ മഷാദിൽ ഭൗതികശരീരം സംസ്‌കരിക്കുക.
"