10, July, 2026
Updated on 10, July, 2026 3
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മറ്റ് ഡിജിപിമാർ ഇക്കാര്യം യോഗത്തിൽ പറഞ്ഞു. തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം. ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല. ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരിമല സ്വർണകൊള്ള സിബിഐയ്ക്ക് വിടണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററായി എഡിജിപി പി വിജയൻ ഐപിഎസിനെ നിയമിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.