23 വര്‍ഷത്തെ നിയമപോരാട്ടം; മുത്തങ്ങ കേസില്‍ വിധി ഇന്ന്‌


31, July, 2026
Updated on 31, July, 2026 8


കല്‍പ്പറ്റ : മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് വിധി പറയുക. സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ് വിധി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ 2003 ഫെബ്രുവരി 19ന് പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്.


പൊലീസ് വെടിവയ്പ്പില്‍ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കുടിലുകള്‍ക്ക് പൊലീസ് തീയിട്ടു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്. കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്.


പ്രതികള്‍ ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേര്‍ന്നെന്നും കൊല്ലപ്പെട്ട ജോഗി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ് കല്‍പ്പറ്റയിലേക്ക് മാറ്റിയത്.


പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.എന്നാല്‍, സംഭവത്തിന്റെ നിര്‍ണായക ഭാഗം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് കോടതിയില്‍ വാദിച്ചു.






Feedback and suggestions