അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ


3, August, 2026
Updated on 3, August, 2026 4




ന്യൂഡൽഹി : അതിവേഗ റെയിൽ പദ്ധതികൾ കേരള സർക്കാർ വേണ്ടെന്ന് വെച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി. രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച സിൽവർ ലൈൻ പദ്ധതിയും ഇ. ശ്രീധരൻ വിഭാവനം ചെയ്ത തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽവേ പദ്ധതി നിർദ്ദേശവും മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇ. ശ്രീധരന്റെ നിർദ്ദേശം നിലവിലെ രൂപത്തിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിയതിനെ തുടർന്നാണ് പദ്ധതി മാറ്റിവെച്ചത്. അതേസമയം, കേരളത്തിലെ റെയിൽവേ ശൃംഖലാ ശേഷി വർദ്ധിപ്പിക്കുന്നതിനായി മൂന്നും നാലും പാതകളുടെ വികസനത്തിനായുള്ള ഫീൽഡ് ലൊക്കേഷൻ സർവേകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി റെയിൽവേയുടെ പരിഗണനയിലില്ലെന്നും അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിലുള്ള നിർമ്മാണ യൂണിറ്റുകളും ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളും ഭാവി ആവശ്യങ്ങൾക്ക് പൂർണ്ണമായും പര്യാപ്തമാണെന്നും, പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.കഞ്ചിക്കോട് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി വികസന ആവശ്യങ്ങൾക്കായി മാറ്റിവെക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. 2008-09 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2012-ൽ തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോട് പദ്ധതിക്കായി 228 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിരുന്നത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 കോച്ചുകൾ നിർമ്മിക്കാനുള്ള ശേഷിയും വിഭാവനം ചെയ്ത പദ്ധതി കൈവിട്ടത് കേരളത്തിന്റെ വ്യവസായ-റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാണ്.












Feedback and suggestions