എല്ലാ അപ്പാച്ചെ ഹെലികോപ്റ്റര്‍ സര്‍വീസുകളും യുഎസ് സൈന്യം താല്‍ക്കാലികമായി നിര്‍ത്തി
15, August, 2026 Updated on 15, August, 2026 2
വാഷിംഗ്ടണ്‍: ഫോര്‍ട്ട് ഹുഡിന് സമീപം ഈ ആഴ്ച ആദ്യം ഉണ്ടായ അപാച്ചെ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി യുഎസ് സൈന്യം അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നും സൈന്യം വ്യക്തമാക്കി.
‘AH-64 അപ്പാച്ചെ പരിശീലന വിമാനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൈനിക നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകടത്തിന്റെ അടിസ്ഥാന കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കുന്നതുവരെ ഈ നിയന്ത്രണം തുടരുംമെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഫോര്‍ട്ട് ഹുഡില്‍ നിന്നുള്ള രണ്ട് സീറ്റുകളുള്ള അപ്പാച്ചെ യുദ്ധ ഹെലികോപ്റ്റര്‍ ബുധനാഴ്ച അറ്റകുറ്റപ്പണികള്‍ക്ക് ശേഷമുള്ള പരീക്ഷണ പറക്കലിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഫോര്‍ട്ട് ഹുഡിന് സമീപത്തെ വയലിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 34കാരനായ ചീഫ് വാറന്റ് ഓഫീസര്‍ 2 ഡിയോണ്‍ട്രെ ടി. ഹ്യൂയും 25കാരനായ വാറന്റ് ഓഫീസര്‍ സെത്ത് എല്‍. ഓള്‍ംസ്റ്റെഡും മരിച്ചു.
ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴാന്‍ ഇടയാക്കിയ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യുഎസ് ആര്‍മി കോംബാറ്റ് റെഡിനസ് സെന്ററിലെ സംഘം സംഭവത്തില്‍ സുരക്ഷാ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ സംഘം പരിശോധിച്ചുവരുന്നതായി സൈന്യം അറിയിച്ചു.സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം, അടുത്ത കാലയളവില്‍ മറ്റ് ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് അപകടങ്ങളും സാങ്കേതിക തകരാറുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പരിശീലന വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുന്നതിനുമുള്ള നിര്‍ണായക നടപടിയായാണ് കണക്കാക്കുന്നത്